മൂലമറ്റം: റേഷന്‍ കടകളില്‍ ഒക്ടോബര്‍ മാസത്തില്‍ വിതരണം ചെയ്യേണ്ട മണ്ണെണ്ണ പല കടകളിലും എത്തിയില്ല. മണ്ണെണ്ണയ്‌ക്ക് റേഷന്‍ കടകളില്‍ എത്തുന്നവര്‍ വ്യാപാരികളുമായി തര്‍ക്കം പതിവാകുന്നു.
തൊടുപുഴ താലൂക്കിലെ റേഷന്‍ കടകളില്‍ മണ്ണെണ്ണ നല്‍കുന്നത് തൊടുപുഴയിലുള്ള 3 പമ്പുകളില്‍ നിന്നാണ്. ഇതില്‍ ഒരെണ്ണം നടത്തിപ്പുകാരന്റെ അസൗകര്യം മൂലം നിര്‍ത്തലാക്കി. ഇവിടെ നിന്നും 50 റേഷന്‍ കടകളിലേക്കാണ് മണ്ണെണ്ണ നല്‍കുന്നത്. നിര്‍ത്തിലാക്കിയ പമ്പില്‍ നിന്നും മണ്ണെണ്ണ ലഭിച്ചിരുന്ന റേഷന്‍ കടകളിലാണ് മണ്ണെണ്ണ കിട്ടാത്തത്.
ഈ പമ്പില്‍ നിന്നുമുള്ള റേഷന്‍ കടക്കാരെ കട്ടപ്പനയിലുള്ള പമ്പിലേക്കാണ് അറ്റാച്ച് ചെയ്തത്. അവിടെ ഉള്ള പമ്പുകാര്‍ ആ ഭാഗത്ത് വിതരണം ചെയ്തതിനു ശേഷമേ തൊടുപുഴ താലൂക്കിലെ കടകളില്‍ മണ്ണെണ്ണ എത്തിക്കുകയുള്ളൂ. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അടുത്തടുത്തുള്ള റേഷന്‍ കടകളില്‍ ഒരു കടയില്‍ മണ്ണെണ്ണ ലഭ്യമാകുകയും തൊട്ടടുത്ത കടയില്‍ മണ്ണെണ്ണ ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ കടക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നു.
കാഞ്ഞാറില്‍ ഒരു റേഷന്‍ കടയില്‍ മണ്ണെണ്ണ ലഭ്യമാണ്. എന്നാല്‍ സമീപത്തുള്ള 2 റേഷന്‍ കടകളില്‍ ഈ മാസത്തെ മണ്ണെണ്ണ ഇതുവരെ വന്നിട്ടില്ല. കുടയത്തൂരിലുള്ള റേഷന്‍ കടയില്‍ മണ്ണെണ്ണ ഉള്ളപ്പോള്‍ കോളപ്രയിലെ റേഷന്‍ കടയില്‍ മണ്ണെണ്ണ ലഭ്യമല്ല. തൊട്ടടുത്ത റേഷന്‍കടയില്‍ മണ്ണെണ്ണ കിട്ടുകയും സമീപത്തെ കടയില്‍ കിട്ടാതിരിക്കുകയും ചെയ്യുന്നതാണ് കാര്‍ഡ് ഉടമകളെ ചൊടിപ്പിക്കുന്നത്.
ഇത് പലപ്പോഴും കടക്കാരനുമായിട്ടുള്ള വാക്കേറ്റത്തിലാണ് കലാശിക്കുന്നത്. ഒക്ടോബര്‍ മാസം തീരാറായിട്ടും മണ്ണെണ്ണ പല കടകളിലും എത്താത്തത് അധികൃതരുടെ അലംഭാവം മൂലമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതിസന്ധി ഉടന്‍ പരിഹരിക്കും: സപ്ലെ ഓഫീസര്‍
മണ്ണെണ്ണ വിതരണത്തില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് താലൂക്ക് സപ്ലെ ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു. നിര്‍ത്തലാക്കിയ പമ്പിലെ മണ്ണെണ്ണ വിതരണം കട്ടപ്പനയിലുള്ള ഒരു ഏജന്‍സിയെ ആണ് ഏല്‍പിച്ചത്. അവരുടെ വിതരണത്തില്‍ ഉണ്ടായ കാലതാമസമാണ് പ്രശ്‌നത്തിന് കാരണം. 3 ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: