കണ്ണൂര്‍: യുഡിഎഫ് വിമതന്റെ സഹായത്തോടെ നാലു വര്‍ഷം കോര്പ്പറേഷന് ഭരിച്ച് ഒന്നും ചെയ്യാത്ത എല്‍ഡിഎഫ് നേതാക്കള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വികസന സെമിനാറെന്ന തട്ടിപ്പുമായി രംഗത്ത്.
വിഷന്‍ കണ്ണൂര്‍ എന്ന പേരിലാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്നലെ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ വികസന സെമിനാറെന്ന പ്രഹസനം നടത്തിയത്. കണ്ണൂരിലെ വ്യാപാര വാണിജ്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയെന്ന് അവകാശപ്പെടുന്ന സെമിനാര്‍ കഴിഞ്ഞ കാലങ്ങളില്‍ കോര്‍പ്പറേഷനും സംസ്ഥാനവും ഭരിച്ച എല്‍ഡിഎഫിന്റെ വോട്ടുതട്ടാനുളള ചെപ്പടിവിദ്യയായി മാറി. നാലു വര്‍ഷം കണ്ണൂര്‍ കോര്‍പ്പറേഷനെ സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടേയും കേന്ദ്രമാക്കി മാറ്റി ഒരൊറ്റ സീറ്റിന്റെ പിന്‍ബലം മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതിനും യുഡിഎഫുമായി ആവശ്യത്തിനും അനാവശ്യത്തിനും ഏറ്റുമുട്ടിയും കാലം കഴിക്കുകയായിരുന്നു.
2015 ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ വികസനത്തിനു വേണ്ടി ജനങ്ങളുടെ മുന്നില്‍വെച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പിലാക്കാതെ കഴിഞ്ഞ വര്‍ഷം പടിയിറങ്ങുകയായിരുന്നു യുഡിഎഫ്. പയ്യാമ്പലം ശ്മശാനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കോര്പ്പറേഷന് ഭരിച്ച ഇരുമുന്നണികളും ഒന്നും ചെയ്തില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുകയാണ്. മാത്രമല്ല കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന കാര്യത്തിലും കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിര നിര്‍മ്മാണം നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനം എന്നിവയിലും ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വാഗ്ദാനങ്ങളും വികസന സെമിനാറുകളും നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും ഇത്തരം പരിപാടികളിലൂടെ സ്വയം പരിഹാസ്യമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: