തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാക്കള്‍ തെറികള്‍ വിളമ്പിയ സംഭവത്തില്‍ പോലീസില്‍ പരാതി. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ രാത്രി ചര്‍ച്ചയിലാണ് സിപിഎം നേതാക്കളായ വി.പി.പി. മുസ്തഫ, എസ്.കെ. സജീഷ് എന്നിവര്‍ തെറി പറഞ്ഞത്. മുസ്ലിം ലീഗിന്റെ സൈബര്‍ നേതാവായ പ്രവാസി യാസിര്‍ എടപ്പാളിനെ നാടുകടത്താന്‍ മന്ത്രി ജലീല്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയിലാണ് യാസിര്‍ പണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിനിട്ട തെറി കമന്റ് അതേപടി സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചത്.
മാതൃഭൂമി ന്യൂസിലെ ചര്‍ച്ച സംബന്ധിച്ചാണ് അധ്യാപികയായ ആതിര വി. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സിപിഎം നേതാവ് സജീഷും മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനുമായി വേണു ബാലകൃഷ്ണനുമാണ് പ്രതികള്‍. കുട്ടികളും കുടുംബങ്ങളുമായി ഒരുമിച്ചിരുന്നു കാണുന്ന ഒരു പ്രൈംടൈം ചര്‍ച്ചയില്‍ രാഷ്ട്രീയ മര്യാദകളെ കുറിച്ച് എപ്പോഴും വാചാലരാകുന്ന ഡിവൈഎഫ് ഐയുടെ പ്രതിനിധി ഇന്നലെ നടത്തിയ തെറിയഭിഷേകം ഒരു അമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലും പൊതുപ്രവര്‍ത്തകയെന്ന നിലയിലും ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മാതൃഭൂമി ചാനലില്‍ വേണു ബാലകൃഷ്ണന് നയിച്ച ഇന്നലത്തെ പ്രൈംടൈം ചര്‍ച്ച സഭ്യതയുടെ എല്ലാവിധ അതിര് വരമ്പുകളും ലംഘിക്കുന്നതായിരുന്നു എന്ന് പറയാതെ വയ്യ. കുട്ടികളും കുടുംബങ്ങളുമായി ഒരുമിച്ചിരുന്നു കാണുന്ന ഒരു പ്രൈംടൈം ചര്‍ച്ചയില്‍ രാഷ്ട്രീയ മര്യാദകളെ കുറിച്ച് എപ്പോഴും വാചാലരാകുന്ന ഡിവൈഎഫ് ഐയുടെ പ്രതിനിധി ഇന്നലെ നടത്തിയ തെറിയഭിഷേകം ഒരു അമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലും പൊതുപ്രവര്‍ത്തകയെന്ന നിലയിലും ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു.
ഇത്തരം പ്രവണതകള്‍ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാവുന്നതല്ല എന്ന ഉത്തമ ബോധ്യത്തോടെ, കേരളത്തിലെ പൊതുസമൂഹത്തിനു വേണ്ടി ചര്‍ച്ചയിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രതിനിധിക്കെതിരെയും ഇടപെടാതിരുന്ന അവതാരകനെതിരെയും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
അതേസമയം, വിഷയത്തെ രൂക്ഷമായി വിമര്‍ശിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത സംവാദകന് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. എല്ലാ പ്രായത്തിലുമുള്ള മനുഷ്യര്‍ കാണുന്ന തല്‍സമയ ചര്‍ച്ചകളില്‍ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് ‘സാമാന്യബോധം’ എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്സൂള്‍ പുറത്തേക്ക് വമിപ്പിച്ച വക്താക്കള്‍ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്നമെന്നാണെന്ന് ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: