തൊടുപുഴ: കാരിക്കോട് ഫ്രണ്ട്സ് നഗറില്‍ തോടിനോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞത് പുനര്‍നിര്‍മ്മിക്കുന്നത് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് തടഞ്ഞതായി പരാതി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിലൊരു പകപോക്കല്‍ എന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തി കഴിഞ്ഞു.
തൊടുപുഴ നഗരസഭ 20-ാം വാര്‍ഡില്‍പ്പെട്ട ഫ്രണ്ട്സ് നഗറിലെ ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡാണ് മാസങ്ങള്‍ക്ക് മുമ്പ് തോട്ടില്‍ വെള്ളം പൊങ്ങി ഇടിഞ്ഞത്. റോഡിന്റെ കുറച്ച് ഭാഗം പുനര്‍ നിര്‍മ്മിച്ചെങ്കിലും ബാക്കി ഭാഗത്ത് സ്ഥലം കൈയേറിയെന്ന് പറഞ്ഞാണ് നിര്‍മ്മാണം കൗണ്‍സിലര്‍ തടഞ്ഞത്. ചെറിയ വളവ് കൂടിയാണ് ഈ പ്രദേശം. പ്രധാന തോടിന്റെ കൈവഴിയാണ് ഇടിഞ്ഞ ഭാഗം.
അതേസമയം വഴി അളന്ന് കെട്ടാന്‍ സമീപവാസികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറായുമില്ല. തുടര്‍ന്ന് പരാതിയുമായി നാട്ടുകാര്‍ നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനെയും സമീപിച്ചു. നഗരസഭ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും എഇയും അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണം നടത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും കൗണ്‍സിലര്‍ ഇതിന് തടസം നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രത്യേക സമിതിയും സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണത്തിന് അനുമതി നല്‍കിയെങ്കിലും കരാറുകാരനെ നിര്‍മ്മാണം നടത്താന്‍ അനുവദിച്ചില്ല.
ഇതോടെ സ്ഥലത്തേക്ക് ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ എത്താതായി. വഴിയിടിഞ്ഞ് കിടക്കുന്നതിനാല്‍ അടുത്തിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചുമന്നാണ് ബന്ധുക്കള്‍ വീട്ടിലെത്തിച്ചത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വാര്‍ഡ് കൗണ്‍സിലറായ എം.കെ. ഷാഹുല്‍ഹമീദ് സ്ഥലത്തെ വികസനത്തിന് തടയിടുകയാണെന്ന് ബിജെപി മുനിസിപ്പല്‍ സമിതിയും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: