തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയാണ് നേപ്പാളിലേക്ക് കയറ്റി അയക്കുന്നത്. അദ്യ ഘട്ടത്തില്‍ 25 ഓട്ടോകള്‍ അയച്ചിരിക്കുന്നത്. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജന് നിര്‍വഹിച്ചു. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി.
സര്‍ക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എല്‍ ജീവനക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകള്‍ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ 24 കോടി രൂപയാണ് കെ.എ.എല്ലിന് നല്‍കിയത്. കൊറോണ ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നല്‍കും. എല്ലാ ജില്ലകളിലും വനിതകള്‍ക്ക് ഇ-വാഹനം നല്കുന്ന പദ്ധതിക്ക് രൂപം നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേര്‍ക്ക് ഇ-ഓട്ടോ സബ്സിഡിയോടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകള്‍ക്ക് സ്വയം തൊഴില്‍ നേടാനാകുമെന്നും അദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: