കുന്നത്തൂര്‍: പ്രാരാബ്ധങ്ങളും ബാധ്യതയുമൊക്കെ ഏറെയുണ്ടെങ്കിലും ചെറിയ പെട്ടിക്കടയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രാജുവും കുടുംബവും ജീവിക്കുന്നത്. കാറ്റൊന്ന് ആഞ്ഞു വീശിയാല്‍, മഴയൊന്ന് പെയ്താല്‍ രാജുവിന് ആധിയാണ്. പഴകി ദ്രവിച്ച് ചോര്‍ന്നൊലിക്കുന്ന തന്റെ ഉപജീവനമാര്‍ഗമായ പെട്ടിക്കട ഇല്ലാതാകും. പഴയ പ്ലാസ്റ്റിക് ഷീറ്റുകളും തകരഷീറ്റുകളുമൊക്കെ ഉപയോഗിച്ചാണ് ചെറിയ കട ഉണ്ടാക്കിയത്.
കടയൊന്ന് പുതുക്കിപ്പണിയണമെന്നാഗ്രഹമുണ്ടെങ്കിലും തന്റെ ചെറിയ വരുമാനത്തില്‍ കൂട്ടിയാല്‍ കൂടില്ലെന്ന് രാജുവിനും അറിയാം. ശൂരനാട് വടക്ക് 14-ാം വാര്‍ഡില്‍ ഗ്രീഷ്മഭവനത്തില് രാജുവെന്ന രാജേന്ദ്രന്‍പിള്ളയുടെ ദുരവസ്ഥ അറിഞ്ഞ് പ്രദേശത്തെ സേവാഭാരതി പ്രവര്‍ത്തകര്‍ സഹായവുമായി എത്തുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ പലകകളും ചോര്‍ന്നൊലിക്കുന്ന കൂരയും മാറ്റാന്‍ സഹായിക്കണമെന്നായിരുന്നു രാജു സേവാഭാരതി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഷീറ്റിട്ട അടച്ചുറപ്പുള്ള ഇരുമ്പ് പൈപ്പുകളാല്‍ നിര്‍മിച്ച ചക്രങ്ങള്‍ ഘടിപ്പിച്ച ഒന്നാന്തരം പെട്ടിക്കട തന്നെ രാജുവിന് നല്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ മാനവ സേവയാണ് മാധവ സേവയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ബിജുകുമാര്‍, സേവാഭാരതി പഞ്ചായത്ത് സമിതി രക്ഷാധികാരി വിമലന് ചിറ്റൂര്‍, സെക്രട്ടറി ശ്യാം പ്രകാശ് ശൂരനാട്, ബിജെപി പഞ്ചായത്ത് സമിതി ജനറല്‍സെക്രട്ടറി ജയന്, ഉഷ, ശശി, പ്രസന്ന ശശി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രാജുവിന് പെട്ടിക്കട കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: