ന്യൂദല്‍ഹി: മഹാകവി അക്കിത്തത്തിന്റെ ചിന്തകളും ദര്‍ശനങ്ങളും വരും കാലത്തെയും പ്രചോദിപ്പിച്ച് നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാകവിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബത്തിന് കത്തയച്ചു. രാജ്യത്തെ മഹാന്മാരായ കവികളില്‍ ഒരാള്‍ എന്നാണ് അക്കിത്തത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
സമാനതകളില്ലാത്ത വിധം സര്ഗാത്മകമായിരുന്നു അക്കിത്തത്തിന്റെ രചനകള്‍. മലയാള സാഹിത്യത്തെ അദ്ദേഹത്തിന്റെ രചനകള്‍ നവീകരിച്ചു. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചു. ഈ ലോകം എന്താണെന്നും എന്താവണമെന്നുമുള്ള കാഴ്ചപ്പാടുകള്‍ ആ കൃതികളില്‍ ഒന്നിച്ചു. കഴിഞ്ഞ ദശാബ്ദങ്ങളിലെ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിലെ മാറ്റങ്ങളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെയും തനിമയോടെയും അക്കിത്തം അവതരിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ നിരുപാധിക സ്നേഹം ആ കവിതകളില്‍ വ്യക്തമാണ്. സമൂഹ്യനവോത്ഥാനത്തോടും ജനങ്ങളുടെ ക്ഷേമത്തോടുമുള്ള നിലപാട് ഹൃദയസ്പര്‍ശിയാണ്. മാനവവികാരങ്ങളുടെ വിശാലമായ അവതരണത്തിലൂടെ ഹൃദയങ്ങളെ കീഴടക്കിയ ഇതിഹാസകാരനെ ജ്ഞാനപീഠമുള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ തേടിയെത്തി. സാമൂഹ്യ, സാംസ്കാരികതലങ്ങളെ ശക്തിപ്പെടുത്തിയ കാവ്യഋഷിയാണ് അക്കിത്തം. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ചിന്തകളോട് ഏതു തലമുറയിലേയും യുവത്വം തദാത്മ്യം പ്രാപിച്ചു, കത്തില്‍ പറയുന്നു.
അദ്ദേഹത്തിന്റെ അസാന്നിധ്യത്തെ നേരിടാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുവാചകര്‍ക്കും ഈശ്വരന് കരുത്തു നല്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും മകന് അക്കിത്തം നാരായണന് അയച്ച കത്തില്‍ പ്രധാനമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: