ന്യൂദല്‍ഹി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര പാളിച്ച വ്യക്തമായതോടെ പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലായി നില്ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ പത്തിലൊന്നും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്താകെ 63,371 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 7,283 കേസുകളും കേരളത്തിലാണ്. പുതിയ കേസുകളില്‍ 11 ശതമാനം കേരളത്തിലാണ്. അതീവ ഗൗരവമേറിയ സാഹചര്യമായാണ് ഇതിനെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.
കേരളത്തിന് പുറമേ രാജസ്ഥാന്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, കര്‍ണാടകം എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല കേന്ദ്ര സംഘങ്ങളെ അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ ഈ സംസ്ഥാനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഓരോ സംഘത്തിലും അതത് സംസ്ഥാനങ്ങളുടെ നോഡല്‍ ഓഫീസര്‍ ചുമതല വഹിക്കുന്ന കേന്ദ്ര ജോയിന്റ് സെക്രട്ടറി, പൊതുജനാരോഗ്യകാര്യങ്ങള്‍ പരിശോധിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ദ്ധന്, രോഗബാധ തടയാനുള്ള നടപടികള്‍ സ്വീകരിക്കാനായും സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന ചികിത്സാനിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കാനായുമുള്ള ആരോഗ്യവിദഗ്ധന്‍ എന്നിവരുണ്ടാകും. കണ്ടെയ്ന്മെന്റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപന നിയന്ത്രണ നടപടികള്‍, രോഗബാധിതരുടെ ചികിത്സ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സംഘം പിന്തുണ നല്‍കും. സമയബന്ധിതമായ രോഗനിര്‍ണയവും തുടര്‍നടപടികളുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഫലപ്രദമായി കൈകാര്യം ചെയ്യാനും കേന്ദ്രം മാര്‍ഗനിര്‍ദേശം നല്‍കും.
കേരളത്തിലെ ആകെ രോഗബാധിതര്‍ 3,17,929 ആണ്, ഇത് രാജ്യത്തെ ആകെ രോഗികളുടെ 4.3 ശതമാനമാണ്. ദശലക്ഷത്തിലെ രോഗികള്‍ 8,906 ആണ്. ആകെ രോഗമുക്തര്‍ 2,22,231. സംസ്ഥാനത്ത് ചികിത്സയിലുള്ളത് 94,609 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: