ന്യൂദല്‍ഹി: കേരളത്തിലെ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി കേന്ദ്രനേതൃത്വം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്ന് ബിജെപി ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ മൊഴികള്‍ ഗൗരവകരമാണെന്ന് ദേശീയ വക്താവ് സമ്പിത് പാത്രയും സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഭയക്കുന്നതെന്തിനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി കേന്ദ്രആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ചോദിച്ചു.
കേരളത്തിലെയോ ഇന്ത്യയിലെയോ ആദ്യ സ്വര്‍ണ്ണക്കടത്ത് കേസല്ല ഇതെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആദ്യ സ്വര്‍ണ്ണക്കടത്ത് കേസാണിതെന്നും വി. മുരളീധരന് പറഞ്ഞു. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതേ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയെ സമീപിക്കുകയാണ്. എന്‍ഫോഴ്സ്മെന്റിന്റെ ചാര്‍ജ് ഷീറ്റില്‍ സര്‍ക്കാരിലെ പ്രമുഖര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി കസ്റ്റംസും ഇഡിയും എന്‍ഐയും സിബിഐയും അടക്കമുള്ള ഏജന്‍സികള്‍ കേരളത്തിലെ കേസുകള്‍ അന്വേഷിക്കുന്നുണ്ട്.
യുഎഇ കോണ്‍സുലേറ്റും ഒരു കെട്ടിട നിര്‍മ്മാതാവും തമ്മിലുള്ള കരാര്‍ അന്വേഷണ പരിധിയിലാണ്. ലൈഫ് മിഷന് പദ്ധതി നടത്തിപ്പില്‍ സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷന് വാങ്ങിയെന്ന ആരോപണം കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ ഒതുങ്ങുന്ന കേസല്ല ഇത്. അതിനും മുകളിലുള്ള ആളുകളുടെ പങ്കുകള്‍ പുറത്തുവരും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സാധാരണ മറ്റു വകുപ്പുകളുടെ ചുമതലകള്‍ വഹിക്കാറില്ല. എന്നാല്‍ ഐടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനം കൂടി ശിവശങ്കറിന് നല്‍കിയത് ഇത്തരം അഴിമതികളുടെ ഭാഗമായാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കാര്യങ്ങളതടക്കമുള്ള എല്ലാത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. ബോധപൂര്‍വ്വം തീ കൊളുത്തിയതാണെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ വീട്ടിലേയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങളും നഷ്ടമായെന്നാണ് ഇപ്പോള്‍ പറയുന്നത്, വി മുരളീധരന് പറഞ്ഞു. ജൂലൈ 5 മുതല്‍ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹം നിലപാട് മാറ്റുന്നത് മനസ്സിലാവും. മറയ്ക്കാനൊന്നുമില്ലെങ്കില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണ്.
കള്ളക്കടത്തിലൂടെ സമാഹരിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് എന്‍ഐഎ അന്വേഷണ പരിധിയിലുള്ളത്. കേരള സര്‍ക്കാരിലെ ഒരുദ്യോഗസ്ഥന്റെയും പേര് സിബിഐ എഫ്ഐആറില്‍ ഇല്ല. എന്നിട്ടും യൂണിടാക്കിനെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. യൂണിടാക് മേധാവിയുടെ മൊഴിയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വിനയായിരിക്കുന്നത്. ആരന്വേഷിച്ചാലും ഭയമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ എന്തിന് സിബിഐ അന്വേഷണത്തെ എതിര്‍ക്കണം. അറിയില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നിരവധി തവണ സ്വപ്ന തന്നെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വി മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: