കേരളമാകെ സാംസ്കാരിക ഏകതയുടെ സന്ദേശം പരത്തി മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ തീര്‍ഥയാത്രയായിരുന്നു സന്ദര്‍ഭം. പരവൂരിന് അന്ന് ഉത്സവമായിരുന്നു. കമ്മ്യൂണിസത്തിന് പേരുകേട്ട ഗ്രാമമായിരുന്നു അന്ന് അത്. മലയാളത്തിന്റെ മഹാകവി എത്തുന്നു എന്നുകേട്ട മാത്രയില്‍ നാട് രാഷ്ട്രീയം മറന്നു. ഗ്രാമവീഥികളില്‍ കുരുത്തോലപ്പന്തല്‍ തീര്‍ത്തു.
എവിടെയും മഹാകവി എത്തുന്നു എന്ന ആവേശം മാത്രം. കാതോടുകാതോരം ആ പ്രചാരണം ഇരമ്പി…. പരവൂരിന്റെ തെരുവോരം അക്കിത്തത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങി. മഹാകവി കെ.സി. കേശവപിള്ളയുടെ തറവാട്ടിലേക്കായിരുന്നു അക്കിത്തത്തിന്റെ വരവ്.
പൊഴിക്കരയ്ക്ക് അന്ന് ഉത്സവം. വരുന്നത് പൊന്നാനിക്കളരിയുടെ നായകന്… കാലത്തിനപ്പുറത്തേക്ക് കണ്ണുപായിച്ച ഇതിഹാസകവി… എത്തുന്നത് കേശവീയം പിറവിയെടുത്ത തറവാട്ടിലേക്ക്…. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ കേരളം ഒന്ന് എന്ന് വിളിച്ചുപറയലായിരുന്നു നിളാതീരത്തുനിന്നെത്തുന്ന മഹാകവിയുടെ ദൗത്യം…. കെസിയുടെ വീട്ടില്‍ ഓര്‍മകളെ നെഞ്ചോടുചേര്‍ത്ത് അക്കിത്തം നിന്നു. കേശവീയത്തില്‍ നിന്ന് ഒന്നുരï് ശ്ലോകങ്ങള്‍ ഉരുവിട്ടു.
തന്റെ വരവ് എക്കാലത്തേക്കും ഓര്‍മപ്പെടുത്തി ഏതാനും വരികള്‍ കുറിച്ചു. മുറ്റത്തേക്കിറങ്ങി ഒരു പിടി മണ്ണുവാരി…. പൊഴിക്കരയിലെ തറവാട്ടുമുറ്റത്തുനിന്നെടുത്ത മണ്ണുമായി ഗോകര്‍ണത്തേക്ക് മഹാകവി അക്കിത്തം യാത്രയായി.
കൊല്ലത്തോടൊരിമ്പമുïായിരുന്നു മഹാകവിക്ക്. തപസ്യയായിരുന്നു എന്നും നിമിത്തം. അക്കിത്തത്തിന് മുമ്പ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സി.കെ. മൂസത് സാറിന്റെ സഹോദരന് ബലറാം മൂസത് കൊല്ലത്ത് തപസ്യയുടെ പ്രസിഡന്റായിരുന്നു. സാംസ്കാരിക തീര്ഥയാത്രയ്ക്കുമുമ്പും അതിനുശേഷവും അക്കിത്തം നിരവധി തവണ കൊല്ലത്തെത്തി. തപസ്യയുടെ പതിനേഴാം സംസ്ഥാനവാര്ഷികോത്സവും അരങ്ങേറിയത് പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു. മൂന്നു നാള് അദ്ദേഹം അന്ന് ഇവിടെ തങ്ങി അതിന് നേതൃത്വം വഹിച്ചു.
നല്ലോരുടെ ഇല്ലമാണ് കൊല്ലമെന്ന് സരസമായി പറയുമ്പോഴും അഴകത്തില്‍ തുടങ്ങുന്ന സാംസ്കാരിക പാരമ്പര്യത്തിന്റെ, കൊല്ലവര്‍ഷത്തിന്റെ ഗരിമയുള്ള ചരിത്രത്തിന്റെ അഭിമാനമുണരുന്ന മണ്ണില്‍ നില്‍ക്കുന്നതിന്റെ അന്തസ് ഒന്നുവേറെയാണെന്ന് മഹാകവി അന്ന് ഓര്‍മിപ്പിച്ചു.
അറിവത്രയും കൈക്കുടന്നയിലാക്കിയ ഇതിഹാസകാരന് നിത്യനിര്മലപൗര്ണമിയായി കൊല്ലത്തിന്റെ ഓര്‍മയിലും നിലാവുപരത്തി നില്ക്കുന്നു. കാലത്തെയും കൊല്ലത്തെയും വാക്കാല്‍ അളന്ന മഹാകവിയുടെ സൗമ്യസാന്നിധ്യത്തില് നിറയുകയാണ് ഈ മണ്ണും….
പ്രതികരിക്കാൻ ഇവിടെ എഴുതുക: