തൊടുപുഴ: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2392.95 അടിയായി ഉയര്‍ന്നു. ഇന്നലെ അവസാനം വിവരം ലഭിച്ചപ്പോള്‍ 88.4% ആണ് ജലശേഖരം. ഷട്ടര്‍ തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാകുകയാണ്.
പരമാവധി സംഭരണ ശേഷിയേക്കാള്‍ 10 അടി മാത്രം കുറവാണ് ഇപ്പോള്‍ ഉള്ളത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 2.9 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 27.246 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 5.291 മില്യണ്‍ യൂണിറ്റായിരുന്നു മൂലമറ്റത്തെ നിലയത്തിലെ വൈദ്യുതി ഉത്പാദനം.
കഴിഞ്ഞ ദിവസം വൈദ്യുതി ഉത്പാദനം കൂട്ടിയെങ്കിലും ഇന്നലെ രണ്ട് മില്യണ്‍ യൂണിറ്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2398.85 അടിയാണ് കേന്ദ്ര ജലകമ്മീഷന് നിഷ്കര്ശിച്ചിരിക്കുന്ന അപ്പര്‍ റൂള്‍ ലെവല്‍. മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ നീരൊഴിക്കിലും കുറവുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഇടുക്കി ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലോഷി പോള്‍ ജന്മഭൂമിയോട് പറഞ്ഞു. തുലാമഴ കൂടി വരാനിരിക്കെ ഇടുക്കി തുറക്കേണ്ടി വരുമെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.
രാജാക്കാട്: മഴ ശക്തമായതിന് പിന്നാലെ പൊന്മുടി ജല സംഭരണിയുടെ ഒരു ഷട്ടര്‍ ഉയര്‍ത്തി. സംഭരണിയുടെ ഒരു ഷട്ടര്‍ 3 സെ.മീ. ആണ് ഇന്നലെ വൈകിട്ട് 5.30ന് ഉയര്‍ത്തിയത്. പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതാണ് മുന്‍ കരുതലെന്ന നിലയില്‍ ഷട്ടര്‍ ഉയര്‍ത്താന്‍ കാരണമെന്ന് കെഎസ്ഇബി കല്ലാര്‍കുട്ടി ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജന്മഭൂമിയോട് പറഞ്ഞു. മഴ കൂടിയാല്‍ കൂടുതല്‍ വെള്ളം തുറന്ന് വിടും.
നിലവില്‍ കല്ലാര്‍കുട്ടിയുടെയും കുണ്ടളയുടേയും ഒരു ഷട്ടറുകള്‍ വീതം തുറന്ന് വെച്ചിരിക്കുകയാണ്. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ തുലാമഴ കൂടുതലായി ലഭിക്കുന്ന സംഭരണികളാണ് ആനയിറങ്കല്‍, പൊന്മുടി, മാട്ടുപ്പെട്ടി, കുണ്ടള എന്നിവ.
തുലാമഴയില്‍ തുറന്നവിടുന്നതും പതിവാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇവയെല്ലാം 77-95% നിറഞ്ഞ് കിടക്കുകയാണ്. ഇനി തുലാമഴ എത്താനിരിക്കെ ഈ ഡാമുകളെല്ലാം കൂട്ടത്തോടെ തുറക്കേണ്ടി വരുമെന്നാണ് നിലവിലെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: