രാജകുമാരി: കൊറോണ ബാധിതരായിരുന്ന ഏഴ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്ന് നാട്ടിലേക്ക് പോകാനുള്ള ശ്രമം ആശങ്ക പരത്തി, പിന്നാലെ പോലീസ് ഇവരെ പിടികൂടി. അടിമാലി കല്ലാറില്‍ വെച്ചാണ് സംഘം പിടിയിലായത്.
രാജകുമാരി അരമനപ്പാറയില്‍ സ്വകാര്യ ഏലം എസ്റ്റേറ്റില്‍ ജോലിക്കെത്തിയ മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സ്വദേശികളാണ് ആശങ്ക സ്യഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ എത്തിയ 15 അംഗ തൊഴിലാളികളുടെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. നിരീക്ഷണത്തിലായിരിക്കെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇവരില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പിന്നാലെ തോട്ടം ഉടമയുടെ നേതൃത്വത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ അരമനപ്പാറയില്‍ ഐസൊലേഷനിലും താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ ഇന്നലെ പുലര്‍ച്ചെ ഇവിടെ നിന്ന് പോയതായി തോട്ടം ഉടമ രാജാക്കാട് പോലീസിനെ അറിയിച്ചു. വിവരം ലഭിച്ച അടിമാലി പോലീസ് ഇക്കാര്യം അടിമാലി പഞ്ചായത്ത് അധിക്യതരെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം അറിയിച്ചു കൊണ്ടു പോസ്റ്റിട്ടു. പിന്നാലെ നാട്ടുകാര്‍ ആണ് കല്ലാറില്‍ വച്ച് തൊഴിലാളികളെ കണ്ടെത്തിയത്.
പോലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും കല്ലാറിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. രണ്ട് ആംബുലന്‍സുകളിലായി ഇവരെ ക്വാറന്റൈയ്ന് കേന്ദ്രത്തിലെത്തിച്ചു. ക്വാറന്റെയ്ന് ലംഘനത്തിന് 7 തൊഴിലാളികളുടെയും തോട്ടം ഉടമയുടെയും പേരില്‍ കെസെടുത്തതായി രാജാക്കാട് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: