ഇടുക്കി: 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. രണ്ടും മൂന്നും ജനറേറ്ററുകളാണ് പ്രവര്‍ത്തിക്കാത്തത്.
ഇവയെല്ലാം പ്രവര്‍ത്തിച്ചാല്‍ പരമാവധി 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി 24 മണിക്കൂറിനിടെ ഉത്പാദിപ്പിക്കാനാകും. നിലവിലെ സാഹചര്യത്തില്‍ 12.48 ദശലക്ഷത്തില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാകുകയുള്ളൂ.
ഇതില്‍ രണ്ടാം നമ്പര്‍ ജനറേറ്റര്‍ ജനുവരി 20ന് ആണ് തകരാറിലായത്. ജനറേറ്ററിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങള്‍ എത്തേണ്ടതുണ്ട്. എന്നാല്‍ ഇതുവരെയും സാമഗ്രഹികള്‍ എത്തിക്കാന്‍ കെഎസ്ഇബിയ്ക്ക് ആയിട്ടില്ല. മൂന്നാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലാണ്. മുമ്പ് ജനറേറ്ററിന്റെ തകരാറിനെ തുടര്‍ന്ന് മഴക്കാലം ആരംഭിച്ചപ്പോഴും ഇടുക്കിയിലെ ജലനിരപ്പ് താഴ്ത്താനായിരുന്നില്ല. അന്ന് ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങളുടെ വാര്‍ത്തയെ തുടര്‍ന്നാണ് ജലശേഖരം 36ല്‍ നിന്ന് 25 ശതമാനത്തിലേക്ക് എത്തിയത്. ഈ ജലനിരപ്പ് താഴ്ത്താതെ ഇരുന്നിരുന്നെങ്കില്‍ മുമ്പേ തന്നെ ഡാം തുറക്കേണ്ടി വന്നേനെ.
ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ദിവസങ്ങളായി തുടരുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 2.98 സെ.മീറ്റര്‍ മഴ ലഭിച്ചു. 2391.30 അടിയാണ് രാത്രി വിവരം ലഭിക്കുമ്പോഴുള്ള ജലനിരപ്പ്. സംഭരണശേഷിയുടെ 86.55 ശതമാനമാണിത്. 2,403 അടിയാണ് പരമാവധി ശേഷി. ജില്ലയിലെ പ്രധാനപ്പെട്ട സംഭരണിയായ പൊന്മുടിയില് 84% വെള്ളമുണ്ട്. കുണ്ടള-91, ആനയിറങ്കല്‍-75 % എന്നിങ്ങനെയാണ് ജലശേഖരം.
ഇടുക്കി ആകെ തുറന്നത് മൂന്ന് തവണ
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് രണ്ടും വട്ടം ഒക്ടോബറിലും ഒടുവില്‍ തുറന്ന 2018 ല്‍ ആഗസ്റ്റിലുമാണ്. 1981 ഒക്ടോബര്‍ 29നും 1992 ഒക്ടോബര്‍ 12നും 2018 ആഗസ്റ്റ് 9 നുമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 1981ല്‍ 11 ദിവസമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുക്കി. 1992ല്‍ 13 ദിവസം ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കിവിട്ടു. എന്നാല്‍ 2018 ലെ മഹാപ്രളയത്തെത്തുടര്‍ന്ന ദിവസങ്ങളോളം തുറന്നുവിട്ട അണക്കെട്ടില്‍ നിന്ന് 620 കോടിയുടെ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഒഴുക്കിവിട്ടതായാണ് കണക്ക്. 2018ല്‍ രണ്ടുവട്ടം സംഭരണി തുറന്നു.
അവലോകനയോഗം ചേര്‍ന്നു
ഇടുക്കി: ഇടുക്കി ജലസംഭരണിയിലെ ജല നിരപ്പില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. ജില്ല കളക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലായിരുന്നു യോഗം.
ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാഴത്തോപ്പ്, ഉപ്പുതോട് വില്ലേജ് ഓഫീസര്‍മാര്‍ ദുരിത ബാധ്യതാ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് അടിയന്തരസാഹചര്യമുണ്ടായാല്‍ ക്യാമ്പുകളിലേക്ക് മാറുന്നതിന് തയ്യാറെടുക്കുവാന്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കും. കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ച് സ്ഥിതിഗതി വിശദീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കാവശ്യമായി വരുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കാനും യോഗം സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത പരിശോധിച്ച് എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ അവലോകനം യോഗം ചേരുമെന്നും ഇപ്പോള്‍ ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 126.85 അടിയായി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126.85 അടിയായി. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് ഉയരും. ഇന്നലെ 4.56 സെ.മീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. സെക്കന്‍ഡില്‍ 1529 ഘനയടി ജലമാണ് ഡാമിലേക്കെത്തുന്നത്. 1400 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാം തുറന്നാല്‍ സ്പില്‍ വേ വഴി വെള്ളമെത്തുക ഇടുക്കിയിലേക്കാണ്.
മലങ്കരയും കല്ലാര്‍കുട്ടിയും തുറന്നു
തൊടുപുഴ: മഴ ശക്തമായതിന് പിന്നാലെ ജില്ലയിലെ ഇടത്തരം ഡാമുകളായ കല്ലാര്‍കുട്ടിയും മലങ്കരയും തുറന്നു. നിലവില്‍ ഒരു ഷട്ടര്‍ 10 സെ.മീ. തുറന്നിരുന്ന മലങ്കര ഡാമിന്റെ ആറ് ഷട്ടറും 20 സെ.മീ. വീതമാക്കി ഉയര്‍ത്തി. പല ഘട്ടങ്ങളിലായ 10 സെ.മീ. വീതമാണ് ഉയര്‍ത്തിയത്. ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മൂലമറ്റത്തെ ഉത്പാദനം കൂട്ടിയതാണ് അതിവേഗം വെള്ളമുയരാന്‍ കാരണം.
ഇന്നലെ വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ് 40.76 മീറ്ററായി ഉയര്‍ന്നിരുന്നു. തൊടുപുഴ, മുവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തേണ്ടി വരും.
കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് ആറിന് തുറന്നു. ആവശ്യാനുസരണം ഘട്ടം ഘട്ടമായി 600 ക്യുമെക്സ് വരെ ജലം പുറത്തേയ്ക്ക് ഒഴുക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് രാവിലെ ലോവര്‍ പെരിയാര്‍ (പാംബ്ല) അണക്കെട്ടിന്റെ ഷട്ടറും തുറക്കും. രണ്ടിടത്ത് നിന്നുമുള്ള വെള്ളം എത്തുക ഭൂതത്താന്‍കെട്ട് ഡാമിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: