ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള ശത്രുത കയ്യൊഴിയാന്‍ പിണറായി സര്‍ക്കാര്‍ ഇനിയും തയ്യാറല്ല. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് തീര്‍ത്ഥാടനം നടത്താനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ശ്രമം ആപല്‍ക്കരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന ജനങ്ങളുടെ ഭയം അസ്ഥാനത്തല്ല. കോവിഡ് മഹാമാരി കാട്ടുതീപോലെ പടര്‍ന്നുപിടിക്കുമ്പോള്‍ അയ്യപ്പന്മാരെ കൂട്ടത്തോടെ മലചവിട്ടാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ ദുഷ്ടബുദ്ധി തന്നെയാണ്. കോവിഡ് മാനദണ്ഡങ്ങളില്‍പ്പെടുന്ന മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മല ചവിട്ടാനാവില്ലെന്ന് ഉറപ്പാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ തീര്‍ത്ഥാടനത്തിനെത്തുമ്പോള്‍ ഇവരൊക്കെ കോവിഡ് പരിശോധന കഴിഞ്ഞവരാണെന്ന് ഉറപ്പുവരുത്തുക അസാധ്യമാവും. ആരെങ്കിലുമൊരാള്‍ വൈറസ് വാഹകനാണെങ്കില്‍ ഒറ്റയടിക്ക് ആയിരക്കണക്കിനു പേര്‍ക്ക് രോഗം പകരാനിടയാകും. സംസ്ഥാനത്ത് സാധാരണ നിലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ആളുകളെ നിയന്ത്രിക്കാനാവാതെ രോഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയരുകയുണ്ടായി. ഭീഷണമായ ഈ സ്ഥിതിഗതികള്‍ കണ്ടില്ലെന്നു നടിച്ച് തീര്‍ത്ഥാടന പാതയിലും ശബരിമലയിലും തിക്കും തിരക്കുമുണ്ടാവാന്‍ ഇടവരുത്തുന്നതില്‍ സര്‍ക്കാരിന് മറ്റു വല്ല ദുഷ്ടലാക്കുമുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
ശബരിമലയോടുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം ഭക്തജനങ്ങളെ അനുകൂലിക്കുന്നതല്ലെന്ന് പകല്‍പോലെ വ്യക്തമായിട്ടുള്ളതാണ്. നിരീശ്വരവാദികളാണ് തങ്ങളെന്ന് സ്വയംപ്രഖ്യാപിച്ചിട്ടുള്ള സിപിഎം നേതാക്കളാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നത്. ക്ഷേത്രങ്ങളോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്ന ഇക്കൂട്ടര്‍ ഗുരുവായൂരും ശബരിമലയിലുമൊക്കെ ദര്‍ശനം നടത്തുന്നത് ഭക്തികൊണ്ടല്ല, രാഷ്ട്രീയ പ്രേരിതമായാണ്. ശബരിമല തീര്‍ത്ഥാടനം ഭംഗിയായി നടത്തണമെന്നോ ഭക്തജനങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കണമെന്നോ സര്‍ക്കാരിന് അശേഷം താല്‍പ്പര്യമില്ലെന്ന് ഓരോ തീര്‍ത്ഥാടന കാലത്തും അയ്യപ്പഭക്തര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചതും, അവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വിധം കേസെടുത്തതുമൊക്കെ ജനങ്ങള്‍ മറന്നിട്ടില്ല. പണം വാരാനുള്ള ഉപാധിയായി മാത്രമാണ് പിണറായി സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തെ കാണുന്നത്. മഹാമാരി പടര്ന്നുപിടിക്കുകയാണെങ്കിലും ഇതിനുള്ള അവസരം നഷ്ടപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആഗ്രഹിക്കുന്നില്ല.
ശബരിമലയുടെ പവിത്രതയും അയ്യപ്പഭക്തരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനാ നേതാക്കളുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറാവാതെ തീര്‍ത്ഥാടന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നതിനു പിന്നില്‍ ആചാരലംഘനത്തിനുള്ള വഴിതേടുകയല്ലേ എന്നും സംശയിക്കാതെ തരമില്ല. കോവിഡ് മാനദണ്ഡത്തിന്റെ പ്രായപരിധി കണക്കിലെടുക്കുമ്പോള്‍ അറുപത് കഴിഞ്ഞിട്ടുള്ള ഗുരുസ്വാമിമാര്‍ക്കൊപ്പം അയ്യപ്പന്മാര്ക്ക് എത്താനാവില്ല. പമ്പയില്‍ കുളിക്കാനോ സന്നിധാനത്ത് വിരിവയ്ക്കാനോ അനുവാദമില്ല. ആചാരങ്ങള്‍ ലംഘിക്കപ്പെടട്ടെ, ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് സര്‍ക്കാരിന്റെ മനോഭാവം. യുവതീപ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയുടെ പേരില്‍ ചെയ്തുകൂട്ടിയതെല്ലാം കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ ആവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ടാവും. ആചാരങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രി നാടു ഭരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇതിന് അനുവദിച്ചുകൂടാ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്നത് ഒഴിവാക്കി തിരുവാഭരണ ഘോഷയാത്രയും പേട്ട തുള്ളലുമടക്കം പാരമ്പര്യമായി തുടരുന്ന ആചാരങ്ങള്‍ക്ക് ഭംഗം വരാതെ നോക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഹൈന്ദവ സംഘടനകളുടെ നിര്‍ദ്ദേശം മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: