മട്ടാഞ്ചേരി: ലക്ഷദ്വീപില്‍ നിന്ന് ചൈനയിലേക്കും തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കടല്‍ വെള്ളരി കള്ളക്കടത്തു നടത്തുന്നത് സിബിഐ അന്വേഷിക്കുന്നു. ലക്ഷദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ നടത്തിയ കടല്‍വെള്ളരി കള്ളക്കടത്ത് പിടികൂടിയിരുന്നു. ഇതില്‍ ലക്ഷദ്വീപ് വനം വകുപ്പ് കേസെടുത്തിരുന്നതാണ്.
ചൈനയില്‍ പാരമ്പര്യ ചികിത്സയ്ക്കും മരുന്നുല്പാദനത്തിനും ആരോഗ്യ ഭക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഉണക്ക കടല്‍ വെള്ളരി കിലോയ്ക്ക് 65,000- 70,000 രൂപ വരെയാണ് വിപണിവില. ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ബിത്ര, പെരുമാമ്പര്, തിന്നകര, സുഹേലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കടല്‍വെള്ളരിക്കടത്ത് നടക്കുന്നത്. മത്സ്യബന്ധനത്തിന്റെ മറവിലെത്തുന്ന ബോട്ടുകളിലെ ഐസ് പെട്ടികളിലാണ് ഒളിച്ചു കടത്തുന്നത്. 1972 ലെ വന്യജീവി സംരക്ഷിതനിയമം പട്ടിക ഒന്ന് പ്രകാരം കടല്‍വെള്ളരി സംരക്ഷിത ജീവിയാണ്.
2001ല്‍ ഇവയുടെ വിളവെടുപ്പും കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. 2020ല്‍ ഇതിനകം വിവിധ ഘട്ടങ്ങളിലായി 1500 കിലോ തൂക്കം വരുന്ന 10 കോടിയിലെറെ രൂപയുടെ കള്ളക്കടത്താണ് നടന്നിരിക്കുന്നതെന്ന് ദ്വീപ് വനം വകുപ്പ് അധികൃതര്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്തും ഇത് നടന്നിട്ടുണ്ട്.
കഴിഞ്ഞവാരം ഒന്നരക്കോടി രൂപയുടെ 220 വലിയ കടല്‍വെള്ളരി കടത്ത് വനം വകുപ്പ് പിടിച്ചു. ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ പിടിത്തമാണിത്. ഇതോടെയാണ് സിബിഐ കേസ് എറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: