നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്ന സ്വാമിത്വ പദ്ധതി ഗ്രാമീണ ഭാരതത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ ജീവിതം ശോഭനമാക്കുമെന്നുറപ്പാണ്. സാധാരണ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന കാര്‍ഡുകള്‍ തയ്യാറാക്കി നല്കുന്ന ഈ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനങ്ങളിലൊന്നാണ്. നാല് വര്‍ഷത്തിനകം നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. നിലവില്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും, പഞ്ചാബിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി ഗ്രാമങ്ങളിലും കഴിയുന്ന ഒരു ലക്ഷം ഗ്രാമീണര്‍ക്കാണ് 2020-21 കാലയളവില്‍ പൂര്‍ത്തിയാക്കുന്ന ആദ്യഘട്ടത്തിന്റെ ആനുകൂല്യം ലഭിക്കുക. 2024ല്‍ പൂര്‍ത്തിയാകുന്നതോടെ 6.62 ലക്ഷം ഗ്രാമങ്ങള്‍ പദ്ധതിക്ക് കീഴില്‍ വരും. ഡ്രോണുകളും നവീനമായ സര്‍വെ രീതികളും ഉപയോഗിച്ച് ഗ്രാമീണരുടെ ഉടമസ്ഥതയിലുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തി കാര്‍ഡ് നല്‍കുകയാണ് ചെയ്യുന്നത്. ലോക് നായക് ജയപ്രകാശ് നാരായണന്, ഗ്രാമീണ ഭാരതത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള വികസന മാതൃക പ്രയോഗത്തില്‍ കൊണ്ടുവന്ന നാനാജി ദേശ്മുഖ് എന്നിവരുടെ ജന്മവാര്ഷിക ദിനത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി മോദി സര്‍ക്കാരിന്റെ ജനക്ഷേമ തല്പ്പരതയുടെ തിളക്കമാര്‍ന്ന ഉദാഹരണമാണ്.
താമസക്കാരുടെ സാന്നിദ്ധ്യത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമിയുടെ സര്‍വേ നടത്തുകയും, തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യുക. ഉടമസ്ഥര്‍ക്ക് സ്വത്ത് കാര്‍ഡ് മൊബൈല്‍ ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യാനാവും. പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ ഇത് ഗ്രാമീണ ഭാരത്തിന്റെ മുഖഛായ മാറ്റിത്തീര്‍ക്കുന്ന ചരിത്രപരമായ നീക്കമാണ്. ഭൂസ്വത്ത് കാര്‍ഡ് ലഭിക്കുന്നതോടെ ഗ്രാമീണരുടെ ഭൂമിയില്‍ മറ്റാര്‍ക്കും കണ്ണുവയ്ക്കാനാവില്ല. ഭൂസ്വാമിമാരുടെ കടന്നാക്രമണത്തില്‍നിന്ന് അവര്‍ എന്നെന്നേക്കുമായി മോചിതരാവും. ഭൂമിയുടെ പേരിലുള്ള അവകാശ തര്‍ക്കങ്ങള്‍ അവസാനിക്കുകവഴി ജീവിതത്തിലെ അരക്ഷിതാവസ്ഥ നീങ്ങും. വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നത് അവസാനിക്കും. ഗ്രാമീണര്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാനം. ഭൂസ്വത്ത് കാര്‍ഡ് ഉപയോഗിച്ച് ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍നിന്നും എളുപ്പത്തില്‍ വായ്പകള്‍ എടുക്കാം. ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതും, കൈവശമുള്ള രേഖകളിലെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും പാവപ്പെട്ട ഗ്രാമീണര്‍ക്ക് വായ്പകള്‍ നിഷേധിക്കുക. സ്വത്ത് കാര്‍ഡ് ഇത് തടയും. രേഖകള്‍ നല്‍കുന്നതിന്റെ ഭാഗമായി നടക്കുന്ന ഉദ്യോഗസ്ഥ അഴിമതിക്കും അന്ത്യമാവും. ഇതിന്റെയൊക്കെ ഫലമായി രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയും ചെയ്യും.
സ്വതന്ത്ര ഭാരതത്തിന്റെ ഏഴ് പതിറ്റാണ്ടുകാലത്തിനിടെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്ത് നടപ്പാക്കുന്നത്. ഭൂമിയുടെ മേല്‍ കൃത്യമായ അവകാശമില്ലാത്തത് ദരിദ്ര ജനകോടികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. അസമത്വങ്ങളുടെ ഇരകളാക്കുകയും അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഭൂസ്വത്ത് സുരക്ഷിതമാകുന്നതിലൂടെ ഇതിനൊക്കെ അന്ത്യം കുറിച്ച് സാമാന്യജനതയില്‍ ആത്മാഭിമാനം നിറയ്ക്കാനാവും. ഭൂ പരിഷ്കരണം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ കോടതി വിധികള്‍ മറികടന്നും ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ച് നല്കാതിരിക്കാന് ഒറ്റക്കെട്ടായി നിയമനിര്‍മാണം നടത്തിയവരാണ് ഇവിടുത്തെ ഇടതു-വലതു മുന്നണികള്‍. സംസ്ഥാനത്തെ 25 ശതമാനം പേര് ഇപ്പോഴും ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്തവരാണ്. സാമ്പത്തിക അസ്ഥിരത അനുഭവിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഭൂമി അന്യാധീനപ്പെട്ട നിലയിലും. ഈയൊരു പശ്ചാത്തലത്തിലാണ് ഹിന്ദി ഹൃദയഭൂമിയിലെ ജനലക്ഷങ്ങള്‍ക്ക് അവരുടെ ഭൂമിക്കുമേലുള്ള അവകാശം ഊട്ടിയുറപ്പിക്കുന്ന ക്രിയാത്മകമായ തീരുമാനം മോദി സര്‍ക്കാര്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: