തിരുവനന്തപുരം: കള്ളക്കടത്തുകാര്‍ക്ക് അഴിമതി പണം യു.എസ് ഡോളറാക്കി വിദേശത്തേക്ക് കടത്താനും അവിടുത്തെ ബാങ്കുകളില്‍ നിക്ഷേപിച്ച് അത് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിക്കാനും മുഖ്യമന്ത്രി സഹായിച്ചെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. നിര്‍ഭാഗ്യത്തിന് പ്രകൃതി ദുരന്തമായ പ്രളയത്തെ പോലും അഴിമതി നടത്താനുള്ള ഉപാധിയാക്കി സര്‍ക്കാര്‍ മാറ്റിയതായി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
സ്വര്‍ണ്ണക്കടത്ത്, ലൈഫ്മിഷന് ഭവന നിര്‍മ്മാണത്തിലെ കമ്മീഷന്, പ്രളയത്തിന്റെ പേരില്‍ വന്ന പണം എന്നിവയെല്ലാം യു.എസ് ഡോളറാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി ചില യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്മാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കോണ്ടാക്ട് പോയിന്റായി ശിവശങ്കരനെ നിര്‍ദ്ദേശിക്കുന്നത്. സ്വപ്നയ്ക്ക് ശിവശങ്കരനെ പരിചയപ്പെടുത്തുന്നതും സ്പേസ് പാര്‍ക്കില്‍ നിയമിക്കുന്നതും മുഖ്യമന്ത്രിയാണെന്ന് വ്യക്തമായിരിക്കുകയാണ്.
ജൂലായ് 7,9 തിയ്യതികളില്‍ നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ താന്‍ ഈ കാര്യം പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് 2017 മുതല്‍ സ്വപ്നയുമായ് ബന്ധമുണ്ടെന്നും ഓഫീസിലും ഔദ്യോഗിക വസതിയിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ എല്ലാവര്ക്കും മനസിലായി. ഇപ്പോള്‍ പുറത്തുവന്നത് ഒരു പ്രതിയുടെ വെറും മൊഴിയല്ല മറിച്ച് ഇഡിയുടെ അന്വേഷണത്തില്‍ മനസിലായ കാര്യങ്ങളാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് വേണ്ടി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. യൂണിടാക്ക് എംഡി തന്നെ സ്വപ്നയ്ക്ക് കമ്മീഷന് കൊടുത്തതായി സമ്മതിച്ചിരിക്കുന്നു. എങ്ങനെയാണ് ഭവനനിര്‍മ്മാണത്തിന് കമ്മീഷന് കിട്ടുന്നതെന്ന് ലൈഫിന്റെ ചെയര്‍മാനായ മുഖ്യമന്ത്രി പറയണമെന്ന് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: