കുവൈത്ത് സിറ്റി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ സന്ദർശിച്ചു. അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ വിയോഗത്തിൽ ഇന്ത്യയുടെ അനുശോചനം അദ്ദേഹം അറിയിച്ചു.
കുവൈറ്റ് അമീറുമായി ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് മന്ത്രി അനുശോചനം അറിയിച്ചത്. പുതിയ അമീറിനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കേന്ദ്രമന്ത്രി ആശംസകളും നേര്‍ന്നു. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ കത്തുകൾ അദ്ദേഹം കുവൈത്ത് ഭരണനേതൃത്വത്തിന് കൈമാറി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ ബന്ധം എടുത്തുപറഞ്ഞ മന്ത്രി ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്കും നന്ദി അറിയിച്ചു.
ശൈഖ് സബാഹിന് കീഴിൽ ഇന്ത്യയും കുവൈറ്റും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധം പുതിയ ഭരണ നേതൃത്വത്തിന് കീഴിലും ശക്തിപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈറ്റ് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അൽ ഫാദിലുമായും മന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സ്ഥാനപതി സിബിജോര്ജ്ജും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. ഞായറാഴ്ച രാത്രി കുവൈറ്റിലെത്തിയ മന്ത്രി തിങ്കളാഴ്ച മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: