കട്ടപ്പന: നെടുങ്കണ്ടം കല്ലാറിലും ബാലഗ്രാമിലും വാഹനാപകടങ്ങള്‍. ബാലഗ്രാമിലുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബാലഗ്രാമില്‍ ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്.
കട്ടപ്പന ഭാഗത്ത് നിന്ന് തൂക്കുപാലത്തിന് വരികയായിരുന്ന ബൈക്ക് ജീപ്പിന്റെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടയത്. ബൈക്ക് യാത്രികരായ ബാലഗ്രാം സ്വദേശികളായ പുത്തന്‍വീട്ടില്‍ സുമേഷ് സുധി(17), പുളിക്കല്‍മുളക്കീഴില്‍ ഷെബിന്‍ ദീപു(19), കരുണാപുരം കല്ലൂപ്പറമ്പില്‍ അലന്‍ ലാലു(18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിക്ക് ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബാലഗ്രാമിനും തൂക്കുപാലത്തിനും ഇടയിലുള്ള വഴിയില്‍ നിന്ന് ജീപ്പ് തിരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുകയറുകയായിരുന്നെന്നും ബൈക്കില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കല്ലാറില്‍ ശനിയാഴ്ച രാത്രി പതിനൊന്നോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ച് മറിഞ്ഞു. തമിഴ്നാട് സ്വദേശിയായ ഡോ. അജിത് മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു. ഇദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപെട്ടു. നെടുങ്കണ്ടത്ത് നിന്നും പുളിയന്‍മല റൂട്ടില്‍ പോകുകയായിരുന്ന കാര്‍ കല്ലാര്‍ മേരിഗിരി പള്ളിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് വലിയപുരയ്‌ക്കല്‍ ഷാജിയുടെ പുരയിടത്തിലേക്ക് ഇടിച്ചുമറിയുകയായിരുന്നു. പരസ്യബോര്‍ഡ് തകര്‍ത്ത് മരത്തില്‍ ഇടിച്ച് വട്ടംതിരിഞ്ഞാണ് വാഹനം നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: