തിരുവനന്തപുരം: സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹകേസില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാര്‍മ്മികത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോള്‍ അന്വേഷണ ഏജന്‍സിക്ക് വ്യക്തമാക്കി കഴിഞ്ഞു. അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവര്ക്കും മനസിലായി. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സി.പി.എം കേന്ദ്രകമ്മിറ്റി മറുപടി പറയണമെന്നും അദേഹം വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.
സര്‍ക്കാരിനെതിരായ സമരം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: