റാന്നി: ശബരിമല തീർത്ഥാടന പാതകൾ കാടുമൂടിയിട്ടും കണ്ണടച്ച് പൊതുമരാമത്ത് വകുപ്പ്.മുൻവർഷങ്ങളിൽ തിർത്ഥാടനകാലം അടുക്കുമ്പോഴേക്കും തീർത്ഥാടന പാതകളുടെ വശങ്ങളിലെ കാട് തെളിയിക്കുന്ന ജോലികൾ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തുന്നത് പതിവായിരുന്നു എന്നാൽ ഈ വർഷം തീർത്ഥാടനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ റോഡിന്റെ വശങ്ങളെല്ലാം തന്നെ കാടും,വള്ളി പടർപ്പുകളും നിറഞ്ഞ് കാൽനടയാത്രക്ക് സ്ഥലം ഇല്ലാതെയായി.പൊതുമരാമത്ത് വകുപ്പ് കാടുവെട്ടാൻ കരാർ നൽകിയാണ് പണികൾ നടത്തിവന്നിരുന്നത്.എന്നാൽ ഇത്തവണ കോവിഡും സാമ്പത്തിക ബുദ്ധിമുട്ടും പഴിചാരി റോഡിലെ കാടുകൾ നീക്കുമോയെന്ന് ആശങ്കയിലാണ് ഭക്തരും, തദ്ദേശവാസികളും. റാന്നിയിലെ എല്ലാ റോഡിന്റെയും പുനരുദ്ധാരണം തീർത്ഥാടനത്ത് കാലത്ത് നടക്കുന്നതാണ്. എന്നാൽ ഈ വർഷം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
റോഡിന്റെ ഇരുവശങ്ങളും കാട് മൂടിയതിനാൽ കാൽനട യാത്രക്കാർക്ക് പുറമേ വാഹന ഉടമകളും വശങ്ങളിലെ കുഴികൾ അറിയാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സീസൺ കാലയളവിൽ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന വാഹനങ്ങളിൽ കൂടുതലും വലിയ ടൂറിസ്റ്റ് ബസുകൾ ആയതിനാൽ റോഡിന്റെ ടാറിങ്ങിൽ നിന്നും ഇറക്കാതെയാണ് ഇവർ അമിതവേഗതയിൽ വരുന്നത്.അതിനാൽ എതിരെ വരുന്ന ചെറിയ വാഹനങ്ങൾ റോഡിന്റെ വശങ്ങൾക്ക് തിട്ടമില്ലാതെ പലപ്പോഴും അപകടത്തിൽപ്പെടാൻ സാധ്യതയേറയാണ്.
തീർത്ഥാടന പാതകളുടെ നിർണ്ണയത്തിൽ ഹൈക്കോടതി പറഞ്ഞ 17 റോഡുകളും, കൂടാതെ സർക്കാർ നിശ്ചയിച്ച 5 റോഡുകളിൽ ഭൂരിഭാഗവും റാന്നിയിലാണ്.ശബരിമല തീർത്ഥാടന പാതയിൽ പ്രധാനമായും ഉള്ള ചെറുകോൽപ്പുഴ – റാന്നി റോഡിന്റെ പുനരുദ്ധാരണം സംബന്ധിച്ച് നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചിട്ടും ഈ വർഷവും തീർത്ഥാടന കാലവും പഴയപടിയിൽ തുടരാനാണ് സാധ്യതയേറെ. പമ്പയിലേക്കുള്ള എരുമേലി വഴിയുള്ള കണമല – ഇലവുങ്കൽ, പ്ലാപ്പള്ളി – ആലപ്പാട്ടുകവല, ചാലക്കയം – പ്ലാപ്പള്ളി, മണ്ണാറക്കുളഞ്ഞി- പ്ലാപ്പള്ളി, ആങ്ങാമൂഴി – പ്ലാപ്പള്ളി, വടശ്ശേരിക്കര, ചിറ്റാർ, ആങ്ങമൂഴി, മടത്തുംമൂഴി – പൂവത്തുംമൂട്, പെരുനാട് – അത്തിക്കയം, ചെത്തോങ്കര -അത്തിക്കയം, മുക്കട, ഇടമൺ, അത്തിക്കയം, ചെറുകോൽപ്പുഴ – റാന്നി, മന്ദിരം – വടശ്ശേരിക്കര, ഇതു കൂടാതെ നിർമ്മാണം നടക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയും ഇതിൽപ്പെടും.റോഡുകളുടെ വശങ്ങളിൽ വളർന്നു നിൽക്കുന്ന കാടുകൾ തീർത്ഥാകർക്കു പുറമേ നാട്ടുകാർക്കും വെല്ലുവിളിയായതിനാൽ അധികൃതർ അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: