തിരുവനന്തപുരം: ശ്രീനാരായണീയരുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ എസ്എന്‍ഡിപി നേതൃത്വം രംഗത്തുവന്നിരുന്നു. എന്നാല്‍, സര്‍വ്വകലാശാല വിസി നിയമനം ജാതി-മത അടിസ്ഥാനത്തില്‍ കാണരുത്. സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ കഴിവുള്ളവര്‍ മാത്രമാണോ തലപ്പത്തുവരുന്നവര്‍ എന്നാണ് എസ്എന്‍ഡിപി യോഗം പരിശോധിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ നടത്തിയ വിസി നിയമനത്തില്‍ അതൃപ്തി പരസ്യമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രാവിലെ രംഗത്തെത്തിയിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് സിപിഎം ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഓപ്പണ്‍ സര്‍വകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീ നാരായണ സമൂഹത്തിന്റെ കണ്ണില്‍ ആണ് കുത്തിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍നിന്നു ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണ്.
തിരുവനന്തപുരത്തു ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും, ഗുരുദേവന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചപ്പോഴും സമുദായവും പൊതുസമൂഹവും ഏറെ ആഹ്ലാദിച്ചതാണ്. പക്ഷേ സര്‍വകലാശാലയുടെ തലപ്പത്തെ നിയമനം വന്നപ്പോള്‍ അതു സമുദായത്തെ ആകെ നിരാശപ്പെടുത്തി. സര്‍വകലാശാല സ്ഥാപിക്കപ്പെട്ട ഉദ്ദേശത്തിന്റെ തന്നെ ശോഭ കെടുത്തിക്കളഞ്ഞ നടപടി ആയിപ്പോയി അത്. ഇതു ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചു.
എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ അധ്യക്ഷന്റെ പേരില്‍ സ്ഥാപിക്കപ്പെടുന്ന സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സിലര്‍ ആയി ശ്രീനാരായണീയനെ തന്നെ നിയമിക്കാന്‍ എന്തായിരുന്നു തടസ്സം? ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിക്കുകയും ഗുരുദേവനെ ഹൃദയപൂജ നടത്തുകയും ചെയ്യുന്നവര്‍ എത്രയോ പേര് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലും പുറത്തും ഉണ്ട്. ഇടതുപക്ഷ സഹയാത്രികരായരും എത്രയോ പേരുണ്ട്. അവരെയൊന്നും പരിഗണിക്കാതെ, മലബാറില്‍ പ്രവര്‍ത്തിക്കുകയും പ്രവാസിയായി ജോലി ചെയ്യുകയും ചെയ്യുന്നയാളെ നിര്‍ബന്ധിച്ചു കൊണ്ടുവന്നു വിസി ആക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചത് എന്തിനെന്നു മനസ്സിലാകുന്നില്ല.
ഇപ്പോള്‍ വിസി ആയി നിയമിക്കപ്പെട്ടയാളുടെ യോഗ്യതയെ വിലകുറച്ചു കാണുന്നില്ല. എന്നാല്‍, ശ്രീ നാരായണീയരും അധഃസ്ഥിത വിഭാഗങ്ങളും തിരു-കൊച്ചിയില്‍ അനുഭവിച്ച ദുരവസ്ഥയൊന്നും മലബാര്‍ മേഖലയില്‍ അക്കാലത്തു പ്രകടമായിരുന്നില്ല. തിരു-കൊച്ചിയിലെപ്പോലെ ജാതി വ്യവസ്ഥ അത്രയേറെ അവിടെ സങ്കീര്‍ണവും ആയിരുന്നില്ല. ശ്രീ നാരായണ പ്രസ്ഥാനങ്ങളും ഗുരുദേവന്റെ ആശയങ്ങളും ദര്‍ശനങ്ങളും തിരു-കൊച്ചി മേഖലയില്‍ പെട്ടെന്ന് ആഴത്തില്‍ വേരോടിയത് അതുകൊണ്ടാണെന്നു ചരിത്രം പഠിച്ചവര്‍ക്ക് അറിയാം.
ആ പാരമ്പര്യത്തിന്റെ കണ്ണിയായിരുന്നു സര്‍വകലാശാലയുടെ തലപ്പത്തു വരേണ്ടിയിരുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും അറിഞ്ഞില്ലെന്നു നടിച്ചതു ശ്രീ നാരായണ സമൂഹത്തോടുള്ള അവഹേളനം കൂടിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യത്തിലുള്ള ചേതോവികാരം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. കേരളത്തിലെ മതേതര ചിന്തകള്‍ക്ക് അതു വല്ലാതെ മുറിവേല്പിച്ചു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു, നവോത്ഥാനം പ്രത്യേക മുദ്രാവാക്യമായി കൊണ്ടു നടക്കുമ്പോള്‍ പ്രത്യേകിച്ചും.
ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്ക്കു മന്ത്രി കെ.ടി ജലീലും സംസ്ഥാന സര്‍ക്കാരും മറുപടി പറഞ്ഞേ മതിയാകൂ. ജലീലിന്റെ വാശിക്കു സര്‍ക്കാര്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്റേത്. ഈ തീരുമാനത്തോടു മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും ഇടതുപക്ഷ ചിന്താഗതിക്കാരായ മഹാഭൂരിപക്ഷത്തിനും അഭിപ്രായ വ്യത്യാസവും അമര്‍ഷവും ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്.
നക്കാപ്പിച്ച വലിച്ചെറിഞ്ഞു കൊടുക്കുന്നതു പോലെ സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്‍സിലര്‍ പദവി ശ്രീനാരായണ സമൂഹത്തിനു വച്ചു നീട്ടി. വിസി കൈമാറുന്ന അധികാരങ്ങള്‍ മാത്രമേ പ്രോ-വിസിക്കുള്ളൂ. അധികാരത്തിന്റെ യഥാര്‍ഥ ഇരിപ്പിടത്തില്‍ ശ്രീ നാരായണീയന്‍ ഇരിക്കാന്‍ പാടില്ലെന്നും അധികാരം പിന്നാക്കക്കാര്‍ക്കു വേണ്ടെന്നും ആരോ നിശ്ചയിച്ച് ഉറപ്പിച്ചതു പോലെയായി കാര്യങ്ങള്‍. പുത്തരിയില്‍ കല്ലു കടിച്ചതിനു സര്‍ക്കാര്‍ മറുപടി പറയണം.
തലസ്ഥാനത്തു ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും സര്‍വകലാശാല ഉദ്ഘാടനം ചെയ്തപ്പോഴും ആ ചടങ്ങുകളില്‍ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കാതിരുന്നതും അങ്ങേയറ്റത്തെ തെറ്റായിപ്പോയി. കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനത്തിനു പ്രാതിനിധ്യം ഇല്ലാതെ ആ ചടങ്ങുകള്‍ നടത്തിയതു തന്നെ ഈ സര്‍ക്കാരിന്റെ ഇരട്ടത്താപ്പു നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മറ്റേതെങ്കിലും മത-സമുദായങ്ങളുമായി ബന്ധപ്പെട്ട ചടങ്ങ് ആയിരുന്നെങ്കില്‍ ആ വിഭാഗത്തിനു പ്രാതിനിധ്യം നല്കാതിരിക്കാന് ധൈര്യം ഉണ്ടാകുമായിരുന്നോ? മതമേലധ്യക്ഷന്മാരെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ സ്വീകരിച്ച് ആനയിക്കുമായിരുന്നു. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങള്‍ കാലങ്ങളായി നേരിടുന്ന ഇത്തരം അവഗണനകള്‍ക്കെതിരെ ഇനിയെങ്കിലും ചോദ്യങ്ങള്‍ ശക്തമായി ഉയരണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: