കുന്നന്താനം: രാത്രി പട്രോളിങിനിടെ കുന്നന്താനം ജങ്ഷനിൽ വച്ച് സിപിഎം നേതാവിന്റെ നേതൃത്വത്തിൽ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. സിപിഎമ്മിന്റെ രാഷ്ടീയ സംരക്ഷണത്തിൽ പ്രതികൾ സ്വതന്ത്രരായി വിലസുമ്പോൾ മർദ്ദനമേറ്റ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് വിവാദമായി.
കീഴ്വായ്പൂര് എസ്ഐ കവിരാജ്, പ്രബോഷൻ എസ്ഐ സായിസേനൻ എന്നിവരെയാണ് സ്ഥലംമാറ്റിയത്. സ്ഥലത്തെ പ്രധാന സിപിഎം നേതാവായ തിരുവല്ല കോടതിയിലെ സർക്കാർ ഗവ. പ്ലീഡറുൾപ്പെട്ട മൂന്നംഗ സംഘമാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ കീഴുവായ്പൂര് എസ്ഐ കവിരാജിനും പ്രൊബേഷൻ എസ്ഐ സായിസേനനും പരുക്കേറ്റിരുന്നു. പ്രൊബേഷൻ എസ്ഐയുടെ തോളിനും കൈയ്ക്കുമാണ് പരിക്കേറ്റത്. പാർട്ടിയുടെ ഉന്നതങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദം മൂലം ഗവ. പ്ലീഡറെ കേസിൽ നിന്നും ഒഴിവാകുകയായിരുന്നു എന്നാണ് ആരോപണം.
സംഭവ ദിവസം തന്നെ പ്രതികളിൽ ഒരാളായ ജനീഷ് ബാബുവിനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നെങ്കിലും നാളിതുവരെയായി കേസിൽ പ്രതി ചേർത്ത ശ്യാം എന്നയാളെ പിടികൂടിയിട്ടില്ല. നാലു മാസം മുമ്പു മാത്രം കീഴുവായ്പൂര് സ്റ്റേഷനിൽ ചുമതല ഏറ്റെടുത്ത എസ്ഐയുടെയും പ്രൊബേഷൻ എസ്ഐയുടേയും പെട്ടെന്നുള്ള സ്ഥലം മാറ്റം പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ. സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി പാർട്ടിക്കാർ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾക്ക് നേരെ പോലീസ് കണ്ണടയ്ക്കുകയാണ്. പോലീസിന്റെ സമീപനം മൂലം കുന്നന്താനം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും അക്രമികൾ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: