തൃശൂര്‍ : എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ മുന്‍ കോണ്‍ഗ്രസ് നേതാവിന് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ച് സിപിഎം. എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതികളില്‍ ഒരാളായ എം.കെ. മുകുന്ദനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് കൂറ് മാറിയത്. ഇതില്‍ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
നാല് തവണ തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ നേതാവ് പദവി വഹിച്ചിട്ടുള്ള മുകുന്ദന് കൗണ്‍സിലര്‍ ആയിരുന്നു. ഇത് രാജിവെച്ചശേഷമാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മുകുന്ദന് പാര്‍ട്ടി വിട്ടത്. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് എംകെ മുകുന്ദന് തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. 36 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദന് സിപിഎമ്മിലേക്ക് എത്തിയത്.
എസ്എഫ്ഐ നേതാവിന് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ എതിര്‍പ്പുണ്ട്. എന്നാല്‍ കൊച്ചനിയന് കേസില്‍ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം ജില്ലാ നേതൃത്വം ഇതിനെതിരെ പ്രതികരിച്ചത്.
1992 ഫെബ്രുവരി 29നാണ് എസ്എഫ്ഐ നേതാവ് കൊച്ചനിയന് കെഎസ്യു നേതാക്കളാല്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായ എം.എസ്. അനില്‍കുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്നു മുകുന്ദന്.
കോണ്‍ഗ്രസിലെ മുന്മേയര്മാരുടെ അഴിമതി താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഇല്ലാത്ത ധാരണയുടെ പേരില്‍ തന്നെ പാര്‍ലിമെന്ററി പാര്‍ട്ടി സ്ഥാനത്തുനിന്ന് നീക്കി. ഡിസിസി പ്രസിഡന്റായിരുന്ന ടി.എന്‍. പ്രതാപനും പത്മജ വേണുഗോപാലും ചേര്‍ന്ന് കൗണ്‍സിലര്‍മാരെ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ ഒപ്പിടുവിച്ച് വാങ്ങിയതെന്നും മുകുന്ദന് വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: