ശാസ്താംകോട്ട: ശാസ്താംകോട്ട-അടൂര്‍ സംസ്ഥാനപാതയിലടക്കം പ്രധാനറോഡുകളില്‍ കോഴിമാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ ദുര്‍ഗന്ധത്തിനുപരി റോഡ് അപകടങ്ങളും പതിവാകുകയാണ്. മാലിന്യം തിന്നാന്‍ കൂട്ടത്തോടെ വരുന്ന തെരുവുനായ്ക്കളാണ് ഇരുചക്രവാഹനക്കാരെ അപകടത്തില്‍ പെടുത്തുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന നായ്ക്കളുടെ കടിയേറ്റവര്‍ നിരവധിയാണ്. കുന്നത്തൂര്‍, ശാസ്താംകോട്ട അടക്കം നിരവധി പഞ്ചായത്തുകളില്‍ കോഴിമാലിന്യം തേടി തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നത് പതിവുകാഴ്ചയാണ്.
പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളില്‍ പോലും നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇവ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുന്ന കടകള്‍ക്ക് മുന്നിലും റോഡിലുമായി വാസം ഉറപ്പിച്ചിരിക്കുന്നത് ജനങ്ങളെ കൂടുതല്‍ ഭീതിപ്പെടുത്തുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ കടിച്ചെടുത്തു ഓടുന്ന നായ്ക്കളുടെ പിന്നാലെ നായ്ക്കൂട്ടം ഓടുന്നതാണ് പലപ്പോഴും ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തിലാകാന്‍ കാരണമാകുന്നത്. ഓഫീസ് വിട്ട് പോകുന്ന വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് മടങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പലപ്പോഴും ഇങ്ങനെ പരക്കം പായുന്ന നായ്ക്കളുടെ ആക്രമണത്തിനും ഇരയാകാറുണ്ട്. ബസ് കാത്തുനില്ക്കുന്ന യാത്രക്കാരുടെ ഇടയിലേക്ക് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും ഭീതിപരത്തുന്നു.
കഴിഞ്ഞ രïാഴ്ചയ്ക്കുള്ളില് ഇരുപതോളം പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. അത്ര തന്നെ വാഹനാപകടങ്ങളും ഉണ്ടായി. എന്നാല്‍ പഞ്ചായത്തധികൃതരോ താലൂക്ക് ഭരണകൂടമോ ഈ കാര്യത്തില്‍ കാട്ടുന്ന അനാസ്ഥ ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രധാനറോഡില്‍ പലയിടങ്ങളിലായി കോഴിമാലിന്യം തള്ളിയവരെ പിടികൂടാന്‍ പോലീസിന് കഴിയാതിരുന്നത് കടുത്ത വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ബാങ്കിന് മുന്നിലും മാര്‍ക്കറ്റുകളിലും നില്‍ക്കുന്നവരെ സാമൂഹിക അകലത്തിന്റെ പേരില്‍ അസഭ്യം പറഞ്ഞ് വിരട്ടിയോടിക്കുന്ന ശാസ്താംകോട്ട പോലീസാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അനാസ്ഥ കാട്ടുന്നത്. ഉന്നത അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായെങ്കിലും യാതൊരുവിധ ഫലമുïായിട്ടില്ല.
ഇതിനിടെ തെരുവുനായ വന്ധ്യംകരണം പേരില്‍മാത്രം ഒതുങ്ങിയതാണ് നായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയില്‍ നായ കടിയേറ്റവര്‍ക്ക് നല്കുന്ന ആന്റി റാബീസ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും പേവിഷ പ്രതിരോധ ചികിത്സയ്ക്ക് വന്‍തുകയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: