കണ്ണൂര്‍: സിപിഎം പാര്‍ട്ടിയുടെ കീഴില്‍ രൂപംകൊടുത്ത സമൂഹ മാധ്യമ കൂട്ടായ്മ പാര്‍ട്ടിയെ തിരിച്ചുകൊത്തുന്നു. പാര്‍ട്ടി അനുഭാവികളെയും അണികളെയും ഉള്‍പ്പെടുത്തി തുടങ്ങിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ പാര്‍ട്ടിക്കുതന്നെ ഭാരമായി മാറുകയാണ്. ഇതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ സഖാക്കളുടെ കൂരമ്പുകള്‍ക്ക് മറുപടി നല്കാന് കഴിയാതെ മേല്‍, കീഴ്ത്തട്ടുകളിലുള്ള നേതാക്കള്‍ വിയര്‍ക്കുകയാണ്. ഇതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന ചിന്തയിലാണ് സൈബര്‍ ഇടങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി സഖാക്കള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സ്വര്‍ണക്കടത്ത് വിഷയത്തിലും നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും ഇത്തരം ഗ്രൂപ്പുകളില്‍ രാപ്പകലില്ലാതെ ചര്‍ച്ചയായതോടു കൂടി ഇതിനെയൊക്കെ നിഷേധിച്ചും ന്യായീകരിച്ചും വെള്ളം കുടിക്കുകയാണ് സൈബര്‍ പോരാട്ടത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടി ബുദ്ധിജീവികള്‍.
സോഷ്യല്‍ മീഡിയയിലുടെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാപ്സ്യൂള്‍ രൂപത്തിലുള്ള മറുപടി പറയണമെന്ന നിര്‍ദ്ദേശത്തോടെയാണ് സിപിഎം അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങിയത്. പലയിടങ്ങളിലും ഇതിനായി സ്റ്റുഡിയോയും സജ്ജമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി ജില്ലാ നേതൃത്വം ക്യാപ്സുളായി കീഴ്ഘടകങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കീഴ്ഘടകങ്ങള്‍ക്കു അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിയുണ്ടായ സ്വര്‍ണക്കടത്ത് അന്വേഷണവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന് ബിനീഷ് കോടിയേരിക്കെതിക്കെതിരെയുള്ള കള്ളപ്പണ മയക്കുമരുന്ന് കേസും പുറത്തുവന്നതോടെയാണ് താഴെക്കിടെയിലുള്ള അനുഭാവികള്‍ പാര്‍ട്ടിയെ ഉലയ്ക്കുന്ന ചോദ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ ഉയര്‍ത്താന്‍ തുടങ്ങിയത്.
സര്‍ക്കാരിനും പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന നുണപ്രചാരണമാണെന്നും മറ്റും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും അണികളും അനുഭാവികളും തൃപ്തരല്ല. കൊവിഡ് കാലത്തെ രാഷ്ട്രിയ വിശദീകരണ യോഗങ്ങള്‍ നടത്തുന്നതിനാണ് സിപിഎം സൈബര്‍ വിഭാഗം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ചതെങ്കിലും ഇത് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായതോടെ എന്ത് ചെയ്യുമെന്നറിയാതെ പാര്‍ട്ടി നേതൃത്വം ഉഴറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: