ആലപ്പുഴ; സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്കുന്ന പദ്ധതിയില്‍ അപാകതകളേറെയന്ന് പരാതി. സ്വന്തം പേരില്‍ ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് റോയല്‍റ്റി ആനൂകൂല്യം നിഷേധിക്കാനുള്ള കൃഷിവകുപ്പിന്റെ നടപടിയില്‍ കര്‍ഷകരുടെ പ്രതിഷേധം. ഹെക്ടറൊന്നിന് രണ്ടായിരം രൂപ വീതമുള്ള റോയല്‍റ്റി സ്വന്തം പേരില്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക് മാത്രമായി നിജപ്പെടുത്തി.
ഇതോടെ ചെറുകിട കൃഷിക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ആനുകൂല്യം നഷ്ടമാകും. മരിച്ചവരുടെയൊ മറ്റു കുടുംബാഗംങ്ങളുടേയൊ പേരിലുള്ള ഭൂമിയിലാണ് ഇവരില്‍ ഏറിയ പങ്കും കൃഷി ചെയ്യുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട ഈ പദ്ധതിയില്‍ നിന്ന് ഇവര്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്താവും. ഈ മാസം 11 മുതല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴിയുമാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. അക്ഷയകേന്ദ്രങ്ങളിലും മറ്റും ചെല്ലുമ്പോഴാണ് വസ്തു സ്വന്തംപേരിലായിരിക്കണമെന്ന കാര്യം പലരും അറിയുന്നത.
ആകെ 118.24 കോടി വകയിരുത്തിയിട്ടുള്ള പദ്ധതിയില്‍ 40 കോടി റോയല്റ്റിക്കുവേണ്ടി മാത്രം വിനിയോഗിക്കാനാണ് 2020-21 ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം ഹെക്ടറിന്റെ ഉടമകള്‍ക്കായിരിക്കും റോയല്‍റ്റി ലഭിക്കുക. അപേക്ഷ നല്‍കുന്നതിനൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരം അടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും സമര്‍പ്പിക്കണം.
സാങ്കേതികത്വം ചൂണ്ടിക്കാട്ടി നല്ല ശതമാനം കര്‍ഷകരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: