കൊല്ലം: പ്ലസ് വണ്‍ പ്രവേശനത്തിന് സ്കൂള്മാറ്റവും സപ്ലിമെന്ററി അലോട്ട്മെന്റും ഒരുമിച്ചാകണമെന്ന് ആവശ്യം. പ്ലസ്വണ് പ്രവേശനത്തിന്റെ രണ്ട് പ്രധാന അലോട്ട്മെന്റുകള്‍ക്ക് ശേഷം സ്കൂള്‍ ട്രാന്‍സ്ഫറിന് അവസരം നല്‍കാതെ സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതില്‍ വലിയ അപാകമാണ് വന്നിരിക്കുന്നത്. ഇതുകാരണം മികച്ച മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമുണ്ടാകുകയാണ്. ഇനിവരുന്ന ഒഴിവുകളിലേക്ക് ഇഷ്ടപ്പെട്ട സ്കൂളോ വിഷയങ്ങളുടെ കോമ്പിനേഷനോ ലഭിക്കാത്ത ഉയര്‍ന്ന ഗ്രേഡുള്ള കുട്ടികളെയാണ് പരിഗണിക്കേണ്ടത്.
രണ്ട് പ്രധാന അലോട്ട്മെന്റുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ അഡ്മിഷന് നിരസിക്കപ്പെട്ട ഉയര്‍ന്ന ഗ്രേഡുള്ള കുട്ടികളെ പരിഗണിക്കാനാണെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റും സ്കൂള്‍ ട്രാന്‍സ്ഫറും ഒരുമിച്ചാക്കണമെന്നും ഇതിനായി സോഫ്റ്റ്വയറില് ഭേദഗതികള്‍ വരുത്തണമെന്നുമാണ് ആവശ്യം. നിലവിലുള്ള രീതിയിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരള ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്കി.
ഇപ്പോഴത്തെ നിലയില്‍ മികച്ച മാര്‍ക്കുണ്ടായിട്ടും അപേക്ഷയിലെ പിഴവുകാരണം കുറെ പേര് പുറത്താകുന്നുണ്ട്. നല്ല മാര്‍ക്കുള്ള കുറെ കുട്ടികള്‍ ഇഷ്ടപ്പെട്ട ഗ്രൂപ്പ്, സ്കൂള്‍ എന്നിവ ലഭിക്കാതെ ഇഷ്ടമില്ലാത്ത ഗ്രൂപ്പിലും സ്കൂളിലും സ്ഥിരപ്രവേശനം നേടേണ്ട ഗതികേടിലാണ്. ട്രാന്‍സ്ഫറിന് മുമ്പ് സപ്ലിമെന്ററി അലോട്ട്മെന്റ് വരുമ്പോള്‍ ഇവരില്‍ പലരും ആഗ്രഹിച്ച സ്കൂളിലും കോമ്പിനേഷനിലും ഇവരെക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ പ്രവേശനം നേടും. ഈ രണ്ട് പ്രശ്നങ്ങള്‍ക്കുമുള്ള പോംവഴി ട്രാന്‍സ്ഫര്‍ അപേക്ഷയും സപ്ലിമെന്ററി അപേക്ഷയും അഡ്മിഷന് നിരസിച്ച കുട്ടികള്‍ തെറ്റുതിരുത്തി സമര്‍പ്പിക്കുന്ന അപേക്ഷയും ഒറ്റ യൂണിറ്റാക്കിയെടുത്ത് ഒരുമിച്ച് പ്രോസസ് ചെയ്യുകയാണ്. സോഫ്റ്റ്വയറില് കാര്യമായ മാറ്റമൊന്നും വരുത്താതെ തന്നെ ഇതുസാധിക്കുമെന്നതും ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: