തൃശൂര്‍ : തിരുവമ്പാടി ദേവസ്വം ഭൂമി വില്ക്കാന് പത്രപരസ്യം നല്‍കിയതില്‍ വ്യാപക പ്രതിഷേധം. ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ നഗരത്തില്‍ നിന്ന് മാറി മിണാലൂര്‍ വില്ലേജിലുള്ള മൂന്നര ഏക്കര്‍ ഭൂമി വില്‍ക്കാനുണ്ട് എന്ന് കാണിച്ചാണ് കഴിഞ്ഞദിവസം പരസ്യം ചെയ്തത്. ഇതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയര്‍ന്നത്.
ദേവസ്വം ഭരണ സമിതിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഭൂമി വില്‍ക്കുന്നതെന്നും ഈ നിലപാട് ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു. ദേവസ്വത്തിന്റെ പേരിലുള്ള ഭൂമി വില്ക്കാന് ഭരണസമിതിക്ക് അധികാരമില്ല. വാടകയിനത്തിലും മറ്റുമായി കോടിക്കണക്കിന് രൂപ ദേവസ്വത്തിന് പിരിഞ്ഞ് കിട്ടാനുണ്ട്. അത് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചെയ്യേണ്ടത്.ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുന്ന നടപടി ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു.
എന്നാല്‍ വില്ക്കാന് ഉദ്ദേശിക്കുന്ന ഭൂമി ദേവസ്വത്തിന്റെ പാരമ്പര്യ സ്വത്തല്ലെന്നും 20 വര്‍ഷം മുന്‍പ് ഭരണസമിതി വാങ്ങിയതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ദേവസ്വം ആനകളെ തളക്കാന്‍ വാങ്ങിയ ഭൂമിയാണിത്. എന്നാല്‍ പരിസരവാസികളുടെ എതിര്‍പ്പും ജ്യോതിഷികളുടെ അഭിപ്രായവും പരിഗണിച്ച് ആനകളെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. തിരുവമ്പാടി ദേവസ്വം സ്വകാര്യ ട്രസ്റ്റാണ്. ഭൂമി വാങ്ങാനും വില്‍ക്കാനും നിയമപരമായി അവകാശമുണ്ട്. അതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: