കൊച്ചി : പരിശീലന പറക്കലിനിടെ കൊച്ചിയില്‍ നാവിക സേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണ് രണ്ട് മരണം. രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്തായാണ് അപകടം സംഭവിച്ചത്. ഗ്ലൈഡറിലുണ്ടായിരുന്ന സുനില്‍ കുമാര്‍, രാജീവ് ഝാ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ബിഒടി പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് ഗ്ലൈഡര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഗ്ലൈഡറില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക.
അപകടത്തെ തുടര്‍ന്ന് ഗ്ലൈഡര്‍ സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് താമസം ഉണ്ടായതായി ദൃക്സാക്ഷികള്‍ അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് നാവിക സേന അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: