ദുബായ്: ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരേ നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയതോടെ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റര്‍ രോഹിത് ശര്‍മ എലൈറ്റ് ക്ലബിലേക്ക്. ഐപിഎല്ലില്‍ 5000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് മാറി. വിരാട് കോഹ്ലി, സുരേഷ് റെയ്ന എന്നിവരാണ് ഈ ക്ലബില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.
എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ പഞ്ചാബിനെതിരേ രോഹിത്തിന് വെറും രണ്ടു റണ്‍സ് മാത്രം മതിയായിരുന്നു. പഞ്ചാബ് പേസര്‍ മുഹമ്മദ് ഷമിക്കെതിരേ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്കു പായിച്ച് രോഹിത് 5000 റണ്‍സ് തികയ്ക്കുകയായിരുന്നു. മല്‍സരത്തില്‍ 45 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 70 റണ്‍സെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. ഈ സീസണില്‍ മുംബൈ ക്യാപ്റ്റന്റെ രണ്ടാമത്തെ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. 192 മല്‍സരങ്ങളില്‍ നിന്നും 31.87 ശരാശരിയില്‍ 5068 റണ്‍സാണ് ഇപ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന എന്നിവരാണ് 5000 റണ്‍സ് ക്ലബ്ബില്‍ ഇനി രോഹിത്തിനു മുന്നിലുള്ളത്. 5430 റണ്‍സോടെ കോലിയാണ് ഒന്നാമത്. 5368 റണ്‍സോടെ റെയ്ന രണ്ടാമതാണ്. ഈ സീസണില്‍ നിന്നും റെയ്ന വിട്ടുനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരം കൂടിയാണ് രോഹിത്തിനു ലഭിച്ചിരുക്കുന്നത്.
ഒരു സെഞ്ച്വറിയും 38 ഫിഫ്ഫ്റ്റികളും രോഹിത്തിന്റെ ഐഐപിഎല് കരിയറിലുണ്ട്. ടൂര്‍ണമെന്റില്‍ 200ല്‍ അധികം സിക്സറുകള്‍ നേടിയിട്ടുള്ള നാലു താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 2012ലായിരുന്നു രോഹിത്തിന്റെ ഏക ഐപിഎല്‍ സെഞ്ച്വറി. മുംബൈയെക്കൂടാതെ ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. മൂന്നു സീസണുകളിലായി ഡെക്കാനു വേണ്ടി 45 മല്‍സരങ്ങളില്‍ നിന്നും 1170 റണ്‍സാണ് രോഹിത് നേടിയത്. 2011ലായിരുന്നു അദ്ദേഹം മുംബൈയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: