തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അനില്‍കുമാര്‍ എന്നയാളെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ. റംല ബീവി മന്ത്രി കെ.കെ. ശൈലജയ്ക്കു കൈമാറി.
മെഡിക്കല്‍ കോളേജിലെ പത്തു ജീവനക്കാര്‍ക്ക് സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ മറുപടിയുടെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ അനില്‍കുമാറിന്റെ മകന് അഭിലാഷ് ഇന്നലെയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. അനില്‍കുമാറിനെ ഇരുപതോളം ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൈകള്‍ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടതായാണ് മകന് ആരോപിച്ചത്. ”അച്ഛനാണ് ഇക്കാര്യം തന്നെ അറിയിച്ചത്. അച്ഛന്റെ കൈകള്‍ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്. താഴ്ത്താന്‍ പറ്റുന്നില്ല. ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് കെട്ടിയിട്ടത്. കെട്ടിയിട്ട കൈയുടെ മുട്ടിന്റെ ഭാഗത്തു നിന്നാണ് രക്തം കുത്തിയെടുത്തത്. ഇതിന്റെ പാടുകള്‍ ഇപ്പോഴുമുണ്ട്. സമയത്ത് ആഹാരവും നല്‍കിയില്ല.” അഭിലാഷ് ആരോപിച്ചു.
എന്നാല്‍, ആശുപത്രിക്കെതിരെ അനില്‍കുമാറും, ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദിന്റെ പ്രതികരണം. പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയിലെ ഒന്നാം വാര്‍ഡില്‍ ചികിത്സയിലാണ് അനില്‍കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: