കൊച്ചി: തമിഴ്നാട്ടിലെ ഹിന്ദു ബഹുജന സംഘടനാ പ്രസ്ഥാനമായ ഹിന്ദുമുന്നണിയുടെ സ്ഥാപകന്‍ രാമഗോപാലന് (94) അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈ രാമചന്ദ്ര മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാംഗോപാല്‍ജി എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം സമര്‍പ്പിച്ച രാമഗോപാലന് രാജ്യ വ്യാപകമായി ദേശസ്നേഹികള്‍ക്ക് പ്രചോദനമായിരുന്നു.
തമിഴ്നാട്ടിലെ തീവ്രവാദ-ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തെ തുടര്‍ന്ന് 1984ല്‍ ഇസ്ലാമിക ഭീകര സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചു. തലയോട്ടിയുടെ ഒരു ഭാഗം തകര്‍ന്നു പോയിരുന്നു. പിന്നീട് ലോഹത്തലയോട്ടിയുമായാണ് അദ്ദേഹം ജീവിച്ചത്.
തമിഴ്നാട് തഞ്ചാവൂര്‍ ശീര്‍കാഴിയില്‍ 1927 സെപ്തംബര്‍ 19നാണ് അദ്ദേഹം ജനിച്ചത്. 1945 മുതല്‍ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. ഡിപ്ലോമ ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിക്കാരനായി. പിന്നീട് ആര്‍എസ്എസ് പൂര്‍ണ സമയ പ്രവര്‍ത്തകനായി, പ്രചാരകനായി. തമിഴ്നാടിന്റെ പ്രാന്ത പ്രചാരകനായി, 1948ലെയും അടിയന്തരാവസ്ഥയില്‍ 1975ലെയും സംഘടനാ നിരോധന കാലത്ത് നയിച്ചത് രാമഗോപാലനായിരുന്നു.
തമിഴ്നാട്ടില്‍ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി ശക്തിപ്പെട്ടപ്പോള്‍ 1980ലാണ് അദ്ദേഹം ഹിന്ദു മുന്നണി രൂപീകരിച്ചത്. മുന്നണി സംഘടിപ്പിക്കാന്‍ തമിഴ്നാടിന്റെ മുക്കിലും മൂലയിലും അദ്ദേഹം സഞ്ചരിച്ചു. 1984ല്‍ അദ്ദേഹത്തെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു. തലയ്ക്കും കഴുത്തിനും മാരക പരിക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. തലയിലെ പരിക്കും ലോഹകവചവും കാവിത്തുണികൊണ്ട് മറച്ചിരുന്നു അദ്ദേഹം. ആദ്യകാലത്ത് പാലക്കാട് ജില്ലയില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നു രാമഗോപാലന്
ദേശീയ മുന്നേറ്റത്തിന് നേതൃത്വം നല്കിയ വ്യക്തിത്വം: ഗോപാലന് കുട്ടി മാസ്റ്റര്‍
കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും തമിഴ്നാട് ഹിന്ദു മുന്നണി സ്ഥാപകനുമായ രാമഗോപാല്‍ ദക്ഷിണ ഭാരതത്തിലെ ദേശീയ മുന്നേറ്റത്തിന് നേതൃത്വം നല്കിയ വ്യക്തിത്വമായിരുന്നുവെന്ന് ആര് എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരിച്ചു. 1950 കളില്‍ അദ്ദേഹം പാലക്കാട്ട് പ്രചാരകനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: