ചോരച്ചാലുകള്‍ നീന്തിക്കയറിയ തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ തോക്കിനു മുന്നില്‍ വിരിമാര്‍ കാട്ടിയ എന്നൊക്കെയാണ് മുദ്രാവാക്യം.
പക്ഷേ സിബിഐ എന്ന് കേട്ടാല്‍ എകെജി സെന്ററിന് നെഞ്ചുവേദന വരും.പിന്നെ എന്തൊക്കെ ചെയ്യുമെന്ന് അവര്‍ക്ക് തന്നെ അറിയില്ല.
കുരിശു കണ്ട ചെകുത്താന്‍ എന്ന അവസ്ഥയിലാണ് സിബിഐ എന്ന് കേട്ടാല്‍ കേരളത്തിലെ സിപിഎം.
ഞാന്‍ പറഞ്ഞത് നിങ്ങള്‍ ശ്രദ്ധിച്ചില്ലേ, കേരളത്തില സിപിഎം.
അതെന്താ മറ്റിടങ്ങളിലെ സിപിഎമ്മിനെ ഈ പേടിയില്ലേ?.
ഉണ്ടായിരുന്നു. ത്രിപുരയിലും പശ്ചിമ ബംഗാളിലും ഉണ്ടായിരുന്നു.
അവിടെക്കെ ഭരണം പോയി മൂലയിലൊതുങ്ങി. അതോടെ സിബിഐ പേടിയും പോയി. അതായത് സിപിഎമ്മിനെതിരെ സിബിഐ അന്വേഷണം വരാന്‍ സാധ്യതയുള്ളിടത്തൊക്കെ സിബിഐ വളരെ
മോശം ഏജന്‍സിയാണ്.മറ്റിടങ്ങളിലൊക്കെ സിബിഐ ആഹാ. എന്താ ഏജന്‍സി. സിബിഐയെ കുറിച്ചുള്ള ചില സിപിഎം നിലപാടുകള്‍ ചുവടെ
- 2005. ഗുജറാത്തിലെ ഗോന്ധ്രാ സംഭവത്തില്‍,സിബിഐ വേണം.
- 2009 ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ഇസ്രായേലുമായി നടത്തിയ ആയുധ ഇടപാടില്‍ സിബിഐ അത്യാവശ്യമാണെന്ന് യെച്ചൂരി.
- ബംഗാളിലെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പില്‍ സിബിഐ വന്നേ മതിയാവൂ എന്ന് വീണ്ടും യെച്ചൂരി
- 2014ല്‍ സ്വാമി അസീമാനന്ദയുടെ ആരോപണത്തില്‍ സിബിഐ വരണമെന്ന് ബസുദേവ ആചാര്യ.
- 2017 ല്‍ ആന്ധ്രയില്‍ നടന്ന ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നരസിംഗറാവു
- 2018. പൊള്ളാച്ചിയി ലൈംഗിക പീഡന കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ വരണമെന്ന് പിബി അംഗം ജി രാമകൃഷ്ണന്‍.
മംഗലാപുരത്തിനടുത്ത് ബല്‍ത്തങ്ങാടിയില്‍ സൗജന്യ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സമരംനടത്തി. ഉദ്ഘാടനം ചെയ്തത് മലയാളിയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ഡോ. ടി.എന്‍ സീമ എന്തിന് നമ്മുടെ ബാര്‍കോഴകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് വിഎസ്. അത്
പാര്‍ട്ടി തള്ളിക്കളഞ്ഞെന്നത് വേറേ കാര്യം.
വിദൂരഭാവിയിലെങ്കിലും സിബിഐ നമുക്കെതിരെ തിരിയാന്‍ സാധ്യതയുണ്ടെങ്കില്‍ അവരെ ഈ ഏരിയായില്‍ അടുപ്പിക്കില്ല. അത്രേയുള്ളൂ. അല്ലാതെ സിപിഎമ്മിന്റെ നയപരമായ തീരുമാനമൊന്നുമല്ലെന്ന് ചുരുക്കം. നേരത്തെ ബംഗാളിലും സിപിഎമ്മിന് സിബിഐ അലര്‍ജിയായിരുന്നു. ഭരണത്തില്‍ നിന്ന് പുറത്തായി വിശ്രമ ജീവിതം നയിക്കുമ്പോള്‍ സിബിഐയാണ് ആശ്രയം. നാളെ കേരളത്തിലും ഇതേ നയമായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.
ലാവലിന്‍ കേസില്‍ പിണറായിക്കെതിരെ കേസേടുത്തപ്പോള്‍ മുതലാണ് സിബിഐ വെറുക്കപ്പെട്ട ഏജന്‍സിയായി മാറിയത്. പിന്നീട് പി ജയരാജനും ടിവി രാജേഷിനും കാരായി രാജനും കാരായി ചന്ദ്രശേഖരനേയുമൊക്കെ സിബിഐ പ്രതിയാക്കിയപ്പോള്‍ വെറുപ്പ് പാരമ്യത്തിലെത്തി. ചിലരൊക്കെ നെഞ്ചുവേദനയില്‍ അഭയം പ്രാപിച്ചു. പിണറായിയെപ്പോലെ രണ്ട് ചങ്കുള്ളവരൊക്കെ ബൂര്‍ഷ്വാ കോടതിക്കും കേന്ദ്ര സര്‍ക്കാരിനും ഒക്കെ എതിരെ മുദ്രാവാക്യം വിളിച്ച് പാര്‍ട്ടി തീരുമാനം നടപ്പാക്കി.
സിബിഐയെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് പുതിയ ഉത്തരവിറക്കാന്‍ പോകുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വിളിച്ചു പറയുന്നത്. പതിവ് പോലെ മുഖ്യമന്ത്രി അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതോടെ രമേശ് ചെന്നിത്തലയുടെ ആരോപണം സത്യമാണെന്ന് മലയാളികള്‍ക്ക് മനസിലായി. പക്ഷേ ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ ഇടപെടല്‍ തടയാന്‍ ഇന്ദ്രനും ചന്ദ്രനും കഴിയില്ല. എഫ്‌ഐആര്‍ സമര്‍പ്പിച്ച്
അന്വേഷണം തുടങ്ങിയ കേസിനെ പിന്നീട് വരുന്ന ഉത്തരവുകള്‍ ബാധിക്കില്ലെന്ന് 94 ല്‍ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കാര്യം കൂടി.
വിദേശ വിനിമയ ചട്ടലംഘനം അന്വേഷിക്കുന്നത് എഫ്‌സിആര്‍എ നിയമപ്രകാരമാണ്. അല്ലാതെ സിബിഐ രൂപീകരിക്കപ്പെട്ട ദില്ലി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റെ നിയമം അനുസരിച്ചല്ല. ഈ നിയമ പ്രകാരം അന്വേഷിക്കുന്ന കേസുകള്‍ക്ക് മാത്രമേ സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുള്ളൂ. പിണറായി സര്‍ക്കാര്‍ എത്രയൊക്കെ നെറികെട്ട കളി കളിച്ചാലും ലൈഫ് പദ്ധതിയിലെ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ട് പോകാനാകുമെന്ന് ചുരുക്കം.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐയെ തടയാന്‍ സുപ്രിം കോടതിവരെ പോയ പിണറായി സര്‍ക്കാര്‍ ലൈഫ് കേസില്‍ സിബിഐയില്‍നിന്ന് രക്ഷപെടാന്‍ നിയമനിര്‍മ്മാണം പോലും ആലോചിക്കുന്നു. അന്വേഷണത്തിനാവശ്യമായ രേഖകള്‍ നല്‍കാതിരിക്കുക എന്ന കുതന്ത്രവും പറ്റുന്നുണ്ട്. മറാട് അന്വേഷണം വഴിമുട്ടിക്കുന്നതില്‍ വിജയിച്ച തന്ത്രം പെരിയ യിലും ലൈഫിലും പയറ്റുന്നു.രേഖകള്‍ പിടിച്ചെടുക്കാനുള്ള ക്രിമിനല്‍ നടപടിക്രമത്തിലെ ചട്ടങ്ങള്‍ പ്രയോജനപ്പെടുത്തി മറുതന്ത്രം നോക്കുകയാണ് സിബിഐ.
പി കെ ശ്രീമതിയേയും എ കെ ബാലനേയും പോലെ സൂപ്പര്‍ ബ്രെയിനുള്ള അന്വേഷണ വിദഗ്‌ദ്ധര്‍ ഈ പാര്‍ട്ടിയില്‍ തന്നെയുള്ളപ്പോള്‍ സിബിഐയെപ്പോലെ ചീള് ഏജന്‍സികളെ ആര്‍ക്ക് വേണം. ലൈംഗിക പീഡനത്തിന്റെ തീവ്രത അളക്കാന്‍ ഇവരുടെ കയ്യിലുള്ളവിദ്യ നാളിതു വരെ സിഐഎക്ക് പോലും കിട്ടിയിട്ടില്ല. പിന്നെയാണ് ഈ ഉണക്ക സിബിഐ. ഇത്തരത്തിലുള്ള പഴഞ്ചന്‍ ഏജന്‍സിയെ എന്തിനാണ് കേരളത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നത്?. അതു കൊണ്ടാണ് സിപിഎം സിബിഐയെ എതിര്‍ക്കുന്നത്. അല്ലാതെ മടിയില്‍ കനമുള്ളതു കൊണ്ടോ ഉപ്പു തിന്നിട്ടോ ഒന്നുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: