പുനലൂര്‍: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികാരികള്‍. ഭക്ഷണം, യാത്രാസൗകര്യം, കുടിവെള്ളം ഉള്‍പ്പെടെ മുന്‍പ് ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പിന്‍വലിച്ചതോടെ ദുരിതാവസ്ഥയിലാണ് ഇവരുടെ ജോലി.
കളക്ടറുടെ നിര്‍ദ്ദേശാനുസരണം നാലുമാസം പിന്നിടുന്ന ഇവരുടെ ജോലിക്കായി കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസും പഞ്ചായത്തിന്റെ സഹായത്തോടെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്നെയാണ് ഇതൊക്കെ പിന്‍വലിച്ചത്. മുന്‍പ് നാലു ഷിഫ്റ്റില്‍ ആയി ഉണ്ടായിരുന്ന ജോലി രണ്ടു ഷിഫ്റ്റായി ചുരുക്കി. കോവിഡ് ഡ്യൂട്ടിക്കായി ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി അദ്ധ്യാപകരെത്തുന്നുണ്ട്.
അടൂര്‍, കടയ്ക്കല്‍, ഓയൂര്‍, വെളിയം, ചെറിയ വെളിനല്ലൂര്‍ മേഖലകളില്‍ നിന്നുമാണ് ഇപ്പോള്‍ ഡ്യൂട്ടിയില്‍ ഉള്ളവരില്‍ ഏറെയും. ബസ് സര്‍വ്വീസ് നിലച്ചതോടെ രാവിലെ 7 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ടവര്‍ അതിരാവിലെ വീടുകളില്‍ നിന്ന് തിരിച്ചാല്‍ പോലും എത്താന്‍ കഴിയാത്ത അവസ്ഥയാണ്. മുന്‍പ് ഒന്നിടവിട്ടുള്ള ഡ്യൂട്ടിയാണ് ഇപ്പോള്‍ എല്ലാ ദിവസവും ആക്കിയിട്ടുളളത്.
ഒരു മണിക്ക് ഡ്യൂട്ടിക്ക് കയറുന്നവര്‍ രാത്രി 7ന് സ്വന്തം വാഹനത്തില്‍ കാട്ടുമൃഗങ്ങളുടെ ശല്യമേറെയുള്ള ആര്യങ്കാവ്, തെന്മല വനമേഖലകളിലൂടെ ജീവന് പണയം വച്ച് യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ പ്രത്യേക ആനുകൂല്യങ്ങളില്ല താനും. വന മേഖലയായതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന് കിട്ടാത്തതിനാല്‍ സ്വന്തം മൊബൈലില്‍ യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തി പാസ് പേപ്പറില്‍ എഴുതിനല്‍കേണ്ട അവസ്ഥ ഉണ്ട്.
ജോലിത്തിരക്കിനിടയില്‍ ദാഹജലം പോലും എത്തിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല എന്നും അദ്ധ്യാപകര്‍ പറയുന്നു. ആര്യങ്കാവ് സെന്റ് മേരീസ് യുപി സ്കൂളിലാണ് ഇവരുടെ സെന്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: