അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചന എന്ന കുറ്റം ആരോപിക്കപ്പെട്ട എല്ലാവരെയും കുറ്റവിമുക്തരാക്കിയ കോടതി വിധി കഴുകി കളഞ്ഞത് ഒരു വലിയ കളങ്കമാണ്. ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ആവേശകരമായ ചരിത്രത്തിനുമേല്‍ സ്ഥാപിത ശക്തികള്‍ അടിച്ചേല്പിച്ച അവസാനത്തെ കളങ്കം. ലാല്‍ കൃഷ്ണ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും അടക്കമുള്ള 32 പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി വിധി 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്റെ യുക്തിസഹമായ പരിസമാപ്തിയാണ്. 1992 ഡിസംബര്‍ ആറിന് സംഭവിച്ച തര്‍ക്കനിര്‍മിതിയുടെ തകര്‍ച്ച ആസൂത്രിതമല്ലെന്നും, അതുകൊണ്ടുതന്നെ അതിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയ പ്രത്യേക ജഡ്ജ് എസ്. കെ. യാദവ്, ഈ സംഭവത്തിനിടയാക്കിയ കര്‍സേവകരുടെ പ്രവൃത്തി യാദൃച്ഛികമാണെന്നും വിലയിരുത്തി.
തര്‍ക്ക നിര്‍മിതി ആസൂത്രിതമായി തകര്‍ത്തു എന്നതിന് പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കേസ് അന്വേഷിച്ച സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് 2000 പേജു വരുന്ന വിധിന്യായം വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ തര്‍ക്ക നിര്‍മിതി തകരുന്നത് ഒഴിവാക്കാന്‍ എല്‍.കെ. അദ്വാനിയും എം.എം. ജോഷിയും കര്‍സേവകരെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും വിധി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതികള്‍ കുറ്റം ചെയ്തതായി കാണിച്ച് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റു ചെയ്തതാണെന്നും, കര്‍സേവകരെ നേതാക്കള്‍ പിന്തിരിപ്പിക്കുന്ന ദൃശ്യം അതില്‍നിന്ന് വെട്ടിനീക്കിയിരിക്കുകയാണെന്നും കോടതി കണ്ടെത്തിയപ്പോള്‍ സിബിഐ ഉന്നയിച്ച വാദഗതികള്‍ തര്‍ക്കമന്ദിരം പോലെ തകര്‍ന്നുവീഴുകയായിരുന്നു. തര്‍ക്ക നിര്‍മിതി തകര്‍ക്കാന്‍ ലക്ഷക്കണക്കിന് കര്‍സേവകരെ നേതാക്കള്‍ പ്രേരിപ്പിച്ചു എന്നാണ് കേസ്. നിയമത്തിനു മുന്നിലും യുക്തിബോധത്തിനു മുന്നിലും ഇത് പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതായിരുന്നു.
രാഷ്ട്രത്തിന് ശാപമായി മാറിയ, അതിന്റെ അഭിവൃദ്ധിക്കും അഭിമാനത്തിനും നിരക്കാത്ത വര്‍ഗീയ പ്രീണനം മാറ്റിവച്ച് രാഷ്ട്രീയ-ഭരണ നേതൃത്വം അയോധ്യ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അതിന് കഴിയുമായിരുന്നു. കോടാനുകോടി ജനതയുടെ ഹൃദയാകാശത്തില്‍ ജ്വലിച്ചു നില്ക്കുന്ന ശ്രീരാമചന്ദ്രന് ജനിച്ചുവീണ പുണ്യഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് സൂചികുത്താന്‍ പോലും ഇടം നല്‍കില്ലെന്ന ധാര്‍ഷ്ട്യം അനുവദിച്ചുകൊടുക്കാനാവുമായിരുന്നില്ല. സ്വാഭാവിക നീതിക്കുവേണ്ടിയുള്ള ഹിന്ദുക്കളുടെ രോദനങ്ങള്‍ അധികാര സോപാനത്തില്‍ കഴിയുന്നവരുടെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഈ ഘട്ടത്തിലാണ് കപടമതേതരത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥില്‍നിന്ന് അയോധ്യയിലേക്കുള്ള രാമരഥയാത്ര തുടങ്ങിയത്. അധികാരത്തിന്റെ ഹുങ്കില്‍ ഈ രഥയാത്രയെയും പാതിവഴിയില്‍ തടഞ്ഞപ്പോള്‍ രാമഭക്തരുടെ ക്ഷമ ആത്മരോഷത്തിന് വഴിമാറി. ലോകത്തെ ഒരു ശക്തിക്കും തടഞ്ഞുനിര്‍ത്താവുന്നതായിരുന്നില്ല ഈ രോഷാഗ്നി.
രാമജന്മഭൂമി പ്രശ്നത്തില്‍ ദേശീയ വികാരം മാനിക്കപ്പെടരുതെന്നും, ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കരുതെന്നും ദൃഢനിശ്ചയമെടുത്തവര്‍ക്ക് നിരാശപ്പെടാനായിരുന്നു വിധി. അയോധ്യയിലെ തര്‍ക്കമന്ദിരം അവിടെ നിലനിന്നിരുന്ന ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്നും, ശ്രീരാമന് ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സത്യവും ധര്‍മവും ഹിന്ദുക്കളുടെ പക്ഷത്താണെന്ന് വ്യക്തമാക്കി. എന്നിട്ടും ആ വിധിയുടെ അന്തഃസത്ത മാനിച്ച് അയോധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ അനുവദിച്ചില്ല. കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ നീതിപൂര്‍വമായ തീര്‍പ്പുണ്ടാകാതിരിക്കാന്‍ വിധി വൈകിപ്പിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റി. പക്ഷേ അവസാനം പരമോന്നത നീതിപീഠം തന്നെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, അവിടെ ഉയരേണ്ടത് രാമക്ഷേത്രമാണെന്നും ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ഏതൊരു ഭാരത പൗരനും അന്തിമമായി കണക്കാക്കേണ്ട ഈ തീരുമാനം അംഗീകരിക്കുന്നതിനു പകരം വിധിയുടെ പേരില്‍ വീണ്ടും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ഹിന്ദുത്വ വിരുദ്ധ ശക്തികള്‍ ശ്രമിച്ചത്.
കോടതികളില്‍നിന്ന് നിരന്തരം തിരിച്ചടി നേരിട്ടപ്പോഴും തര്‍ക്കമന്ദിരം ‘തകര്‍ത്ത’ കേസില്‍ അദ്വാനിയേയും മറ്റും ശിക്ഷിക്കുന്ന വിധിയുണ്ടാകുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കാണ് ഇപ്പോള്‍ കനത്ത പ്രഹരമേറ്റിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അന്നത്തെ ഡിസംബര്‍ ആറിന് അയോധ്യയില്‍ എന്താണ് സംഭവിച്ചതെന്ന് ഇതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ അദ്വാനി വ്യക്തമാക്കിയതാണ്. സംഭവത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്ന് ഹൃദയത്തിന്റെ ഭാഷയില്‍ ആ സമരനായകന് പറയുകയുണ്ടായി. പക്ഷേ രാമജന്മഭൂമിയില്‍ നിന്ന് എന്നേക്കുമായി അപ്രത്യക്ഷമായ തര്‍ക്കമന്ദിരം ചിലര്‍ക്ക് പിന്നെയും ആവശ്യമായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇക്കൂട്ടര്‍ വര്‍ഷംതോറും ബാബറി ദിനം ആചരിച്ച് വര്‍ഗീയവാദവും ഭീകരവാദവും കുത്തിപ്പൊക്കാന്‍ ശ്രമിച്ചു. ഇപ്പോഴത്തെ വിധിയുടെ വെളിച്ചത്തില്‍ ഇവര്‍ ജനങ്ങളോട് മാപ്പ് പറയണം. ഇനിയെങ്കിലും ദേശീയ മുഖ്യധാരയില്‍ അണിചേര്‍ന്ന് രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. പുതിയ വിധി അതിന് പ്രചോദനമാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: