അടിമാലി: മൂന്നാറിന് സമീപം ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ച ഹോം സ്റ്റേ ഉടമയും ട്രാവല്‍ ഏജന്റും അടക്കം മൂന്ന് പേര് ഗുരുതരാവസ്ഥയില്‍. കഴിച്ചത് തേന്‍ ചേര്‍ത്ത സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന എഥനോളെന്ന് കണ്ടെത്തി. രണ്ട് ഹോം സ്റ്റേകള്‍ പോലീസ് സീല്‍ ചെയ്തു. ഇന്ന് വൈകിട്ട് ലഭിച്ച വിവരത്തിലും ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ല.
ചെകുത്താന് മുക്കിലെ മിസ്റ്റി ഹോം സ്റ്റേ ഉടമയ ചിത്തിരപുരം കൊട്ടാരത്തില്‍ തങ്കപ്പന്(72), തങ്കപ്പന്റെ ഡ്രൈവറും സഹായിയുമായ കണ്ണൂര്‍ കല്ലുപറമ്പില്‍ ജോബി(28), ഹോം സ്റ്റേയില്‍ താമസിക്കുവാന്‍ എത്തിയ ട്രാവല്‍ ഏജന്റ് തൃശൂര്‍ ഇരിങ്ങാലക്കുട കുഴികാട്ടുശ്ശേരി മാനിക്കല്‍ മനോജ് മോഹനന്(48) എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.
തീവൃ പരിചരണ വിഭാഗത്തിലുള്ള മൂവരുടെയും വൃക്കകള്‍ക്ക് തകരാര്‍ സംഭവിച്ചതായും, കാഴ്ച്ചക്കുറവ് നേരിടുന്നതായുമാണ് വിവരം. ഭാര്യക്കൊപ്പം മൂന്നാറിലെത്തിയ മനോജ് ആണ് വ്യവസായിക ആവശ്യത്തിനുപയോഗിക്കുന്ന വിഷം കലര്‍ന്ന ആല്‍ക്കഹോള്‍ കൊണ്ടുവന്നത്. മൂവരും ശനിയാഴ്ച്ച വൈകിട്ട് ഹോം സ്റ്റേയില്‍ ഒന്നിച്ചിരുന്ന് ഇത് കുടിച്ചിരുന്നു. അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് സമീപത്തെ മറ്റൊരു ഹോം സ്റ്റേയിലും മനോജ് എത്തി അവിടെ വെച്ചും മദ്യപിച്ചിരുന്നു.
ഇവിടേയും പോലീസ് പരിശോധന നടത്തി. ആല്‍ക്കഹോള്‍ വൈനും, തേനും കലര്‍ത്തി ചെമ്മീന്‍ കൂട്ടി കഴിച്ചതായി മൊഴിയുണ്ട്. സ്ഥാപന ഉടമയും, സഹായിയും കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലും, മനോജ് അങ്കമാലിയിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ട് ആശുപത്രികളിലും വെള്ളത്തൂവല്‍ പോലീസ് എത്തി.
മനോജും ഭാര്യയും ഞായറാഴ്ച്ച മടങ്ങിപ്പോകുകയും ചെയ്തു. ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള കടുത്ത ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോംസ്റ്റേ ഉടമയെയും സഹായിയേയും തിങ്കളാഴ്ച്ച അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും, നില വഷളായതിനാല്‍ രാത്രി കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സമാന ശാരീരിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ച തൃശൂര്‍ സ്വദേശിയായെ ഇതേ സമയം അങ്കമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മനോജിന്റെ ഭാര്യയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.
വെള്ളത്തൂവല്‍ സിഐയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി പോലീസ് ആശുപത്രികളില്‍ എത്തിയെങ്കിലും മൂവരും ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനാല്‍ മൊഴിയെടക്കാനായിട്ടില്ല. സംഭവത്തില്‍ പോലീസും എക്സൈസും വിശദമായ അന്വേഷണം തുടരുകയാണ്. മുമ്പും സമാനമായി ഇത്തരത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ആല്‍ക്കഹോള്‍ ദുരുപയോഗം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
കഴിച്ചത് മെഥനോല്‍ ചേര്‍ത്ത ഈഥൈല്‍ ആല്‍ക്കഹോള്‍
ആമസോണില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ വ്യവസായിക ആവശ്യത്തിനായുള്ള വിഷം കലര്‍ന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ ആണ് മൂവരും കഴിച്ചതെന്ന് കണ്ടെത്തിയതായി ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് ജി. ജന്മഭൂമിയോട് പറഞ്ഞു. മനോജ് മോഹനനാണ് സാനിറ്റൈസറിനും ലാബോറട്ടറി ഉപയോഗത്തിനുമായുള്ള ഈഥൈല്‍ ആല്‍ക്കഹോള്‍ വാങ്ങിയത്.
നികുതിയില്ലാതെ ലഭിക്കുന്ന വ്യവസായിക ആവശ്യത്തിനായുള്ള ഇവയുടെ ദുരുപയോഗം തടയുന്നതിനായി ഇതില്‍ മെഥനോളെന്ന വിഷ ദ്രാവകം ചേര്‍ക്കാറുണ്ട്. ഇത്തരത്തിലുള്ള 500 എംഎലിന്റെ രണ്ട് കുപ്പിയാണ് ഇയാള്‍ വാങ്ങിയത്. മനോജിന്റെ വീട്ടില്‍ എക്സൈസും പോലീസും നടത്തിയ പരിശോധനയില്‍ കൊറിയര്‍ വന്നതിന്റെ കവറുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചതിന്റെ സാമ്പിള്‍ ലഭിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം മദ്യപിക്കാനെത്തിയ മറ്റൊരാള്‍ കയ്പ്പായതിനാല്‍ താന്‍ അല്‍പ്പം കഴിച്ച ശേഷം നിര്‍ത്തിയതായാണ് പറഞ്ഞത്. ഇയാളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: