കൊല്ലം: കുരങ്ങന്റെ കൈയിലെ പൂമാല പോലെയാവുകയാണ് ആശ്രാമം മൈതാനത്തിന്റെ അവസ്ഥ. മൈതാനം കച്ചവടമാക്കാന്‍ നിരത്തുന്നത് നിരവധി ആശയങ്ങളാണ്. കഴിഞ്ഞ കോര്പ്പറേഷന് ഭരണസമിതി കൊല്ലം ഫെസ്റ്റ് എന്ന പേരില്‍ ധൂര്‍ത്ത് നടത്തുമ്പോള്‍ കേട്ട അതേ വാദങ്ങളാണ് ഇപ്പോഴും ആശ്രാമത്തിന്റെ പേരില്‍ നിരത്തുന്നത്.
നിലവില്‍ മൂന്ന് പദ്ധതികളുടെ നിര്‍മ്മാണത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. 2.95 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പിക്നിക് വില്ലേജിന്റെ നിര്‍മ്മാണ ചുമതല ഹാബിറ്റാറ്റിനാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 30 ലക്ഷം രൂപ ഇതിനോടകം ഹാബിറ്റാറ്റിന് നല്‍കിക്കഴിഞ്ഞു. നടപ്പാതയ്ക്കുള്ളില്‍ ആറ് കടകള്‍ നിര്‍മ്മിക്കാനാണ് പരിപാടി. ഇവിടെ കരകൗശല വസ്തുക്കളും കശുവണ്ടി, അഷ്ടമുടി മത്സ്യം, നാളികേരം എന്നിവയുടെ വിപണനത്തിനായി ഇത് ഉപയോഗപ്പെടുത്തും. ഫലത്തില്‍ ഒരു മിനി ചന്ത മൈതാനത്ത് രൂപപ്പെടും.
കൊല്ലത്തിന്റെ ചരിത്രം രേഖപ്പെടുത്തി കവാടം, മിനി തിയറ്റര്‍, ചെറിയ ഹാള്‍ തുടങ്ങി കേട്ടുപഴകിയ വാദങ്ങള്‍ വേറെയുമുണ്ട്.
അരക്കോടിയോളം രൂപ ചെലവഴിച്ച് ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍ മൈതാനത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ശില്‍പ്പങ്ങളുടെ നിര്‍മ്മാണമാണ് മറ്റൊരുഭാഗത്ത്. മൈതാനത്തിന് ചുറ്റും നടപ്പാതയ്ക്കും ഇരിപ്പിടങ്ങള്‍ക്കുമായി 1.5 കോടിരൂപയാണ് ടൂറിസം വകുപ്പ് ചെലവാക്കിയിരിക്കുന്നത്. ആശ്രാമത്ത് ലളിതകല അക്കാദമി കേന്ദ്രം സ്ഥാപിക്കുമെന്നും കേള്‍ക്കുന്നു. കൊല്ലത്തിന്റെ ചരിത്രവും കലയും അടയാളപ്പെടുത്തുന്ന മതില്, ആംഫി തീയറ്റര്‍, വിശ്രമ കേന്ദ്രം ശുചിമുറി സൗകര്യം തുടങ്ങിയവ വേറെയും….
പാരിസ്ഥിതിക അനുമതി തേടാതെ നഗരത്തിന്റെ ഓക്സിജന്‍ ഹബ്ബ് എന്നറിയപ്പെടുന്ന ആശ്രാമം മൈതാനത്തിനും പരിസര പ്രദേശങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതും പാരിസ്ഥിതിക അനുമതി തേടാതെയുള്ളതെന്ന് ആക്ഷേപം. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 72 ഏക്കറുള്ള മൈതാനം റവന്യു വകുപ്പിന്റെ അധീനതയിലുള്ളതാണ്. മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്ന ടൂറിസം വകുപ്പ് തന്നെയാണ് ഇപ്പോള്‍ ആശ്രാമം മൈതാനത്തിന് ചുറ്റും കോണ്‍ക്രീറ്റ് ബില്‍ഡിംഗുകള്‍ സ്ഥാപിക്കുന്നത്.
ചെലവഴിച്ചതിങ്ങനെ
ആശ്രാമത്തും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ കാലങ്ങളില്‍ വികസനത്തിനായി ഫണ്ട് വിനിയോഗിച്ചത് ഇങ്ങനെ; അഡ്വഞ്ചര്‍ പാര്‍ക്കിലെ വാട്ടര്‍ സ്പോര്‍ട്സ്- 87 ലക്ഷം, പുനര്‍ജ്ജനി ബയോ പാര്‍ക്ക് നിര്‍മ്മാണം- 3 കോടി, ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപം ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം 60 ലക്ഷം. വെയിറ്റിങ് ഷെഡ് 5 ലക്ഷം. നടപ്പാതയും സ്ട്രീറ്റ്ലൈറ്റും ഇരിപ്പിടവും 1.5 കോടി. പിക്നിക്ക് വില്ലേജ്- 2.95 ലക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: