ലോകത്തെ 750 കോടി ജനങ്ങൾക്കും ശുദ്ധജലം വേണം . നദികളെ അവർക്ക് കണ്ട് ആസ്വദിക്കണം. പിന്നെ പുഴകൾ ഉപയോഗിക്കുന്നത് മാലിന്യങ്ങൾ നിക്ഷേപിക്കാനാണ്.
ഇത് കണ്ട് മടുത്ത ബ്രീട്ടീഷ് കൊളംബിയ ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞൻ മാർക്ക് അൻജലോ ആണ് ലോക നദീദിനത്തിന്റെ ഉപജ്ഞാതാവായി മാറിയത്.അങ്ങിനെ യുനൈറ്റഡ് നേഷൻ സെപ്തംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക നദീദിനമായി 2005 ൽ പ്രഖ്യാപിച്ചു. പുഴകളെ സംരക്ഷിക്കാൻ എല്ലാവരും യത്നിക്കുക, പ്രതിജ്ഞ യെടുത്ത് പ്രവർത്തിക്കുക അതായിരുന്നു ഉൽബോധനം.
പ്രകൃതി സൗജന്യമായി നമുക്ക് തരുന്ന ശുദ്ധജലമാണ് മഴവെള്ളം. അതിന്റെ സംഭരണികളാണ് കുന്നുകൾ, പാറക്കെട്ടുകൾ, തണ്ണീർതടങ്ങൾ ചതുപ്പുകൾ, നദികൾ എന്നിവ.മഴവെള്ളത്തെ കടലിൽ എത്തിക്കുന്ന ചാലുകൾ കൂടിയാണ് നദികൾ. നദികളിലെ ജലം ശൂദ്ധീകരിക്കാൻ പ്രകൃതി എല്ലാ സൗകര്യങ്ങളും സ്വയമായി ഒരുക്കിയിട്ടുണ്ട്.
അടിത്തട്ട് പാറ കെട്ടുകളാണ്, കരിയുണ്ട്, കക്കയുണ്ട്, 2.3 എം.എം മുതൽ 600 മൈക്രോൺസ് വലിപ്പത്തിൽ മണലുണ്ട്, ചെറു ജലസസ്യങ്ങൾ, സൂഷ്മാണുക്കൾ, ബാക്ടീരിയകൾ ഇവയെല്ലാമുണ്ട്. ഇങ്ങനെ സംപുഷ്ടമാണ് നദി.
നദിയിലേക്ക് മഴവെള്ളം ഒഴുകുന്നത് ചരിവിനനുസരിച്ച് താഴെക്ക് വരുന്ന വെള്ളത്തെ ഓവർ ലാൻഡ് ഫോളോ എന്നു പറയും. ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങി നദിയിലെത്തുന്നതിനെ ഗ്രൗണ്ട് വാട്ടർ ഫോളോയെന്നും തണ്ണീർതടത്തിലേക്കുംചതുപ്പിലേക്കും വരുന്ന ജലം ഭൂഗർഭ ജലമാകുന്നതിനെ ഇന്റർ ഫോളോയെന്നും പറയുന്നു. ലാൻഡ് ഫോളാ ജലം പെെട്ടന്ന് ഒഴുകി കടലിൽ എത്തുന്നു. ഇത് നീരാവിയായി മഴ മേഘമായി, മഴയായി ശുദ്ധജലമായി നമുക്ക് തിരികെ ലഭിക്കുന്നു. എന്നാൽ പുഴയെ റീചാർജ് ചെയ്ത് വേനലിൽ ജലം തരാൻ പുഴക്ക് കഴിയുന്നത് ഗ്രൗണ്ട് വാട്ടർഫോളായും, ഇന്റർ വാട്ടർഫോളോ മൂലവുമാണ്.
നമ്മൾ ചെയ്യുന്ന തെറ്റെന്താണന്നോ? മണലിനെ മൂലധനമാക്കി, മണൽ വാരലിനെ തൊഴിലാക്കി മാറ്റിയപ്പോൾ കുടിവെള്ളം ഇല്ലാതായി.
അനിയന്ത്രിതമായി മണലൂറ്റിയപ്പോൾ നദിയുടെ അഴം സമുദ്രനിരപ്പിനെക്കാൾ താഴ്ന്നു. വേനൽക്കാലത്ത് നീരൊഴുക്ക് കുറഞ്ഞ നദിയിലേക്ക് കടൽ ജല സമ്മർദം വഴി ഉപ്പുവെള്ളം പ്രവേശിക്കുന്നു. അതിപ്പോൾ 20 കി.മീ ഉള്ളിലേക്ക് കടന്ന് പുഴയെ മലിനമാക്കുന്നു.
ഉപ്പ് വെള്ളം കയറുന്നിടത്ത് ബണ്ട് കെട്ടിയാണ് നമ്മളിപ്പോൾ പ്രതിരോധം തീർക്കുന്നത്. കരയിടിയുന്നത്, നദിയുടെ ഒഴുക്കിന്റെ കുറവ് ഇതെല്ലാം മണൽവാരലിന്റെ ദൂഷ്യഫലമാണ്. ഇതെല്ലാം ശുദ്ധജല ക്ഷാമത്തിനിടവരുത്തുന്നു. കൂടാതെ വ്യവസായ മാലിന്യം, അറവ് മാലിന്യം, കക്കൂസ് മാലിന്യം ഉൾപ്പടെ മാലിന്യം പുഴയിൽ നിക്ഷേപിച്ച് കുടിവെള്ളം ഇല്ലാതാക്കി. അപ്പോഴും നമ്മൾ പുഴ ത്തീരത്തെ ചാഞ്ചാടുന്ന തെങ്ങിൽ ചാരി നിന്ന്, പുഴയുടെ ഭംഗിയും ആറ്റിനക്കരെ പാടത്ത് ഉലയുന്ന നെൽകതിരിനെ നോക്കിയും ആസ്വദിച്ച് നിൽക്കും. മണൽവാരൽ കർശനമായി നിയന്ത്രിച്ചാൽ നല്ലത്. അങ്ങിനെ റിവർ സ്ലോപ്പ് വീണ്ടും ഉണ്ടാക്കാം. അല്ലെങ്കിൽ അണ്ടർ വാട്ടർ തടയണകൾ നിർമ്മിച്ച് സങ്കേതിക പരിഹാരം നേടാം. നെൽവയൽ തണ്ണീർതട നിയമം കർശനമായി നടപ്പിലാക്കിയാൽ ഹൈ ഡ്രോളജിക്കൽ സൈക്കിൾ നിലനിർത്താൻ കഴിയും.കൃഷി പ്രോത്സാഹിപ്പിക്കണം വെട്ടും കിളയും, തടമെടുപ്പ് എല്ലാം ശുദ്ധജല ശേഖരണത്തിനു വഴിതുറക്കും. ജലസേചന വകുപ്പിലെ പ്രവർത്തനരഹിതമായ റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ വിംഗ് സജീവമാക്കണം.കൂടാതെ മനപൂർവ്വം പുഴ മലിനമാകുന്നവർക്കെതിരെ കോടതി നടപടികൾ സ്വീകരിക്കണം. ദുർബ്ബലന് കോടതി നടപടിയും, ശക്തൻമാർക്ക് നോട്ടീസ് നടപടിയുമായി പരിഹാസ്യമാക്കുന്ന സർക്കാർ നയം തിരുത്തണം.
ഏലൂർ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: