തിരുവനന്തപുരം : ലൈഫ് മിഷന്‍ അഴിമതിയില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ. ആരോപണത്തില്‍ സിബിഐ കേസ് എടുത്തതിന് പിന്നാലെ വിജിലന്‍സ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളെല്ലാം കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണചുമതല കൈമാറിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിപിഎം അനുഭാവമുള്ളവരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തതില്‍ ഇതോടെ ദുരൂഹത ശക്തമായിരിക്കുകയാണ്. രേഖകള്‍ നശിപ്പിക്കാനോ മാറ്റംവരുത്താനോ ഉള്ള സാധ്യയുണ്ടെന്നും സംശയിക്കുന്നുണ്ട്.
അതേസമയം രേഖകളെല്ലാം വിജിലന്‍സ് കൈപ്പറ്റിയതിനെ സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നീളുന്ന സാഹചര്യത്തില്‍ സിബിഐ ഈ രേഖകള്‍ പരിശോധനയ്‌ക്കായി വിജിലന്‍സിനോട് ആവശ്യപ്പെടും. നിലവില്‍ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും തിരുവനന്തപുരം യൂണിറ്റ് കൂടി ഇതില്‍ സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ലൈഫ് മിഷന്‍ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൂടി ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റിന്റെ സ്വാധീനം ഉപയോഗിച്ച് ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കുകയും കമ്മീഷന്‍ കൈപ്പറ്റിയതായുമുള്ള ആരോപണത്തിലാണ് ഇവരെ കൂടി ചോദ്യം ചെയ്യുന്നത്. ഇതിനായുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും.
ലൈഫ് മിഷന്‍ കരാറിനായി യൂണിടാക് എന്ന കമ്പനിയില്‍ നിന്ന് സ്വപ്നയും സംഘവും ഓണ്‍ലൈന്‍ വഴി 4.25 കോടി രൂപ കമ്മീഷന്‍ ആയി കൈപറ്റി എന്നാണ് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴി. ഇതുമായി ബന്ധപ്പെ്ട്ട് യൂണിടാക് നടത്തിയ ബാങ്ക് ഇടപാടുകളും സിബിഐ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: