ന്യൂദല്‍ഹി: ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പാക് ചാര സംഘടനയായ ഐഎസ്ഐക്ക് കശ്മീര്‍ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനായി ചൈന നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
കശ്മീരില്‍ സംഘര്ഷാവസ്ഥയുണ്ടാക്കിയെടുക്കുന്നതിനായി ആയുധങ്ങള്‍ ഒഴുക്കാനും ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജമ്മു കശ്മീരില്‍ സുരക്ഷാസേന അടുത്തിടെ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ സൈന്യം കണ്ടെടുത്ത ആയുധങ്ങളില്‍ ഭൂരിഭാഗത്തിലും ചൈനീസ് അടയാളങ്ങളാണ് ഉണ്ടായിരുന്നത്. ചൈനീസ് കമ്പനിയായ നോറിന്‍കോ നിര്‍മിച്ച ഇഎംഇഐ ടൈപ്പ് 97 എന്‍എസ്ആര്‍ റൈഫിളുകളും സുരക്ഷാ സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഈ ആയുധം ചൈനീസ് സൈനികര്‍ ഉപയോഗിക്കുന്നതാണ്.
അതേസമയം അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനനങ്ങള്‍ കടുത്തത് ആയതിനാല്‍ ഭീകരര്‍ക്ക് താഴ്വരയിലേക്ക് നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തേയ്ക്ക് പരമാവധി നുഴഞ്ഞുകയറ്റക്കാരെ എത്തിക്കാന്‍ ചൈന ഐഎസ്ഐക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം ഉയര്‍ത്തുന്നതിന്റെ മറവില്‍ ഭീകരരെ ജമ്മു കശ്മീരിലേക്ക് എത്തിക്കാനാണ് പാക്കിസ്ഥാന് നിലവില്‍ ശ്രമിക്കുന്നത്.
കരസേനാ മേധാവി എം.എം.നരവനെ, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) മേധാവി രാകേഷ് അസ്താന, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) മേധാവി എ.പി. മഹേശ്വരി തുടങ്ങിയവര്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അതിനിടെ താഴ്വരയില് പ്രാദേശിക റിക്രൂട്ട്മെന്റ് വര്‍ധിച്ചു കൊണ്ടിരിക്കുന്നതായും സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ പ്രാദേശിക റിക്രൂട്ട്മെന്റ് ഗണ്യമായി വര്‍ധിച്ചുവെങ്കിലും ആയുധങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഇപ്പോള്‍ ആയുധ ഡ്രോണുകളും ക്വാഡ് കോപ്റ്ററുകളും വഴി ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാനും ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനായി ചൈന- പാക്കിസ്ഥാന് ഇക്കണോമിക് കോറിഡോറിന്റെ (സിപിഇസി) മറവില്‍ ഐഎസ്ഐ, സിപിഇസിയുമായി ബന്ധപ്പെട്ട ഒരു ചൈനീസ് സ്ഥാപനത്തില്‍ നിന്ന് ധാരാളം ഹെക്സാകോപ്റ്ററുകള്‍ വാങ്ങിയതായും രഹസ്യാന്വേഷണ വിവരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: