അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയ്ക്ക് റെക്കോഡ്. ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് മുംബൈ ക്യാപ്റ്റന്‍ സ്വന്തമായത്. അമ്പത്തിനാല് പന്തില്‍ എണ്‍പത് റണ്‍സ് കുറിച്ചതോടെ കൊല്‍ക്കത്തക്കെതിരെ ഇത്വരെ കളിച്ച മത്സരങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് 904 റണ്‍സായി. ഒരു സെഞ്ചുറിയും ആറു അര്‍ധ ശതകങ്ങളും ഇതില്‍ ഉള്‍പ്പെടും.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകന് ഡേവിഡ് വാര്‍ണറുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കൊല്‍ക്കത്തക്കെതിരെ 829 റണ്‍സ് കുറിച്ചാണ് വാര്‍ണര്‍ റെക്കോഡിട്ടത്. റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ് ഈ പട്ടികയില്‍ മൂ്ന്നാം സ്ഥാനത്ത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കോഹ് ലി ഇത്വരെ 825 റണ്‍സ് നേടിയിട്ടുണ്ട്.
കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ആറു സിക്സറുകള്‍ അടിച്ചതോടെ രോഹിത് ശര്‍മയ്ക്ക് ഐപിഎല്ലില്‍ ഇരുനൂറ് സിക്സറുകളായി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് ശര്‍മ. ക്രിസ് ഗെയ്ല്, ഡിവില്ലിയേഴ്സ്, ധോണി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ബാറ്റ്സ്മാന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: