കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീന് ഒരു കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി യുവതി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ കമറുദ്ദീന് 1,00,05,000 രൂപ വാങ്ങി വഞ്ചിച്ചു എന്ന യുവതിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ വെള്ളൂര്‍ നങ്കാലത്ത് ഹൗസില്‍ അബ്ദുള്‍ സാലിയുടെ ഭാര്യ സീനത്തിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് എംഎല്‍എക്കെതിരെ കേസെടുത്തത്. 2009 മെയ് 30 മുതല്‍ ഘട്ടം ഘട്ടമായാണ് ഇത്രയും തുക നല്‍കിയത്. നിക്ഷേപമായി വാങ്ങിയ പണത്തിന് ലാഭമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
പുതുതായി ഏഴ് കേസുകളാണ് ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ചന്തേര സ്റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര സ്റ്റേഷനിലെ കേസുകള്‍.
ജ്വല്ലറിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന ചെറുവത്തൂര്‍ ചന്തേര പോലീസ് സ്റ്റേഷനിലാണ് കൂടുതല്‍ കേസുള്ളത്. അറുപതിലേറെ കേസുകളാണ് ചന്തേരയില്‍ മാത്രം എടുത്തത്. കമറുദ്ദീനെതിരായ തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കമറുദ്ദീന്റെ ജ്വല്ലറിയില്‍ നിരവധി പേര് കള്ളപ്പണം നിക്ഷേപിച്ചതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കേസുകളും വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2007 മുതല്‍ നൂറ്റിയമ്പത് കോടിയോളം രൂപ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തതായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, നിക്ഷേപകര്‍ പണം എന്ന് തിരിച്ച് കിട്ടുമെന്ന് അറിയാതെ ആശങ്കയില്‍ ആയിട്ടുണ്ട്.
അതിനിടെ കമറുദ്ദീന് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ പേരില്‍ 85 പേരില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ തുടങ്ങിയ കോളേജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് താത്ക്കാലിക കെട്ടിടത്തിലാണ്. മൂന്ന് വര്‍ഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രവര്‍ത്തനമെന്നുമാണ് ആരോപണമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: