അക്കിത്തവും തപസ്യയും…ഇവ രണ്ടും പര്യായപദങ്ങളായിട്ട് മുപ്പത്തഞ്ച് വര്‍ഷമാവുന്നു. അക്കിത്തം ഷഷ്ടിപൂര്‍ത്തിയിലെത്തിയപ്പോള്‍, തപസ്യ പത്താം വയസ്സിലെത്തിയപ്പോള്‍. ആകാശവാണിയിലെ ജോലിയില്‍നിന്നു വിരമിച്ച അക്കിത്തം 1985 നവംബര്‍ മാസത്തില്‍ ആലുവയില്‍ ചേര്‍ന്ന തപസ്യ വാര്‍ഷികപൊതുയോഗത്തില്‍വച്ച് അതിന്റെ അധ്യക്ഷപദമേറ്റെടുത്തുകൊണ്ട് പറഞ്ഞത് ഇങ്ങനെ: ”ഇനി എനിക്കിരിക്കാന്‍ ഏറ്റവും യോഗ്യമായ കസേര ഇതുമാത്രമെന്ന് ഞാന്‍ കരുതുന്നു. ഭാരതീയസംസ്കാരത്തിന്റെ നിലപാടിലുറച്ച ഈ ഇരിപ്പിടത്തില്‍ ഞാന്‍ വിനയപൂര്‍വം ഇരിക്കട്ടെ.”
1984 ല്‍ തൃശൂരില്‍ തപസ്യയുടെ എട്ടാം വാര്‍ഷികസമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിക്കൊണ്ടാണ് അക്കിത്തം തപസ്യയോട് കൂടുതല്‍ അടുത്തത്. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു. ”തപസ്യ എന്ന പ്രസ്ഥാനം കാലഘട്ടത്തിന്റെ അനിവാര്യമായ നിയോഗമാണ്” എന്ന് ആ സമ്മേളനത്തില്‍ പ്രഖ്യാപി
ച്ച വൈലോപ്പിള്ളിയുടെ വാക്കിനെ സാക്ഷാത്കരിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ അക്കിത്തം സന്നദ്ധനായത് ഒട്ടുമേ യാദൃച്ഛികമല്ല. ‘വിദ്വേഷമേ ദിവ്യമായ മാര്‍ഗമെന്നു’ വാദിക്കുന്ന പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് ”നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാല്‍!” എന്നു പ്രത്യാശിച്ച കവി ഭാരതീയസംസ്കൃതിയുടെ പ്രതീകമായ പ്രസ്ഥാനമല്ലാതെ മറ്റെന്താണ് നയിക്കുക.
അക്കിത്തം ഒരിക്കല്‍ എഴുതി: ”അടിയന്തരാവസ്ഥയില്‍ കോഴിക്കോട്ടെ ഒരു ചെറുസദസ്സില്‍ തപസ്യ എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് തിക്കോടിയനായിരുന്നു. തപസ്യയുടെ കൂടെ സഞ്ചരിച്ചരിക്കാന്‍ കക്കാടും ഉറൂബും കോന്നിയൂര്‍ ആര്. നരേന്ദ്രനാഥും കെ.എ കൊടുങ്ങല്ലൂരും ഉണ്ടായിരുന്നു. ആകാശവാണിയിലെ സഹപ്രവര്‍ത്തകരായിരുന്ന ഇവരുടെ പാത ഞാന്‍ പിന്തുടരാനിടയായത് ഒരിക്കലും യാദൃച്ഛികമല്ല. വി.എം കൊറാത്ത് പറഞ്ഞതുപോലെ അത് എനിക്കും തപസ്യക്കും ആത്മഭാവത്തിന്റെ നിയോഗമാണ്. വൈലോപ്പിള്ളി, എന്‍.വി കൃഷ്ണവാരിയര്‍, എന്‍. കൃഷ്ണപിള്ള, ബാലാമണിയമ്മ, എം.വി. ദേവന്, പി. പരമേശ്വരന്, ജി.ശങ്കരപ്പിള്ള, കാവാലം തുടങ്ങിയവര്‍ സര്‍വാത്മനാ സഹകരിക്കുന്ന പ്രസ്ഥാനം നയിക്കുന്നതില്‍ വി.ടി യുടെയും ഇടശ്ശേരിയുടെയും ശിഷ്യനായ എനിക്ക് അഭിമാനനേയുള്ളൂ.”
തപസ്യയുടെ നേതൃത്വപദവി ഏറ്റെടുത്തശേഷം കോട്ടയത്തുവച്ചുനടന്ന ദശവാര്‍ഷികസമ്മേളനത്തില്‍ മലയാളത്തിന്റെ വിശ്വകഥാകാരന്‍ തകഴിയുടെയും ഒറിയ സാഹിത്യകാരനായ മനോജ്ദാസിന്റെയും സാന്നിധ്യത്തില്‍ അക്കിത്തം നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’ എന്ന സത്യത്തിലേക്ക് ലോകം എത്തിച്ചേരണമെന്നതാണ് തപസ്യയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി.
ജി. ശങ്കരക്കുറുപ്പിനു ശേഷം മലയാളത്തില്‍ ജ്ഞാനപീഠപുരസ്കാരം ലഭിച്ച പൊറ്റക്കാടും തകഴിയും എം.ടി യും ഒ.എന്‍.വി യും തപസ്യവേദികളില്‍ മുഖ്യാതിഥികളായിട്ടുണ്ട്. ആ പുരസ്കാരത്തിനര്‍ഹരായ ശിവറാംകരന്ത്, അഖിലന്, ചന്ദ്രശേഖര കമ്പാര്‍ എന്നിവരും തപസ്യവേദിയെ സമ്പന്നമാക്കിയവരാണ്. തപസ്യയുടെ അമരക്കാരനായ മഹാകവി അക്കിത്തത്തിന് ആ ബഹുമതി ലഭിക്കണമെന്നത് തപസ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ ആത്മാവില്‍ ആയിരം സൗരമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്ന മലയാളത്തിന്റെ ആ കവിമനസ്സ് ഭാരതത്തിന്റെ സാംസ്കാരികമണ്ഡലം മുഴുവന്‍ പ്രസരിക്കുന്നതിനുവേണ്ടിയായിരുന്നു ആ പ്രാര്‍ഥന.
എം. ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: