മനസു കൊണ്ട് നോക്കുമ്പോള്‍ ഒരു വിഷകന്യകയുടെ രൂപമാണ് അതിന്. സകലഭൂഖണ്ഡങ്ങളിലെയും മനുഷ്യരെ പുണരുന്ന മരണസ്പര്ശം.അരൂപിയായ, ജീവനുണ്ടെന്നും ഇല്ലെന്നും പറയാവുന്ന മരണകാരിയായ സര്‍വ്വവ്യാപി.. ഭാവന ചെയ്യാന്‍ പോലും കഴിയാത്തതാണ് ഇപ്പോള്‍ മുന്നിലെ സത്യം..!
കൊറോണയെപ്പറ്റിയുള്ള ചിന്ത ചെന്നെത്തിയത് പഴയ ചില ഓര്‍മകളിലാണ്. സ്കോളര്‍ഷിപ്പ് കിട്ടി ഇംഗ്ലണ്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷം. അന്ന് ബ്രിട്ടനില്‍ മാത്രമല്ല, ഫ്രാന്‍സിലും ജര്‍മനിയിലും സ്പെയിനിലുമെല്ലാം യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു. ലോകോത്തര ശില്പങ്ങളും പെയിന്റിങ്ങുകളുമുള്ള മ്യൂസിയങ്ങള്‍, പുരാ സ്മാരകങ്ങള്‍, ചരിത്രത്തിലിടം പിടിച്ച അനവധി സ്ഥലങ്ങള്‍.. അതു മാത്രമല്ല ഭൗതിക പു
രോഗതിയുടെ ഏറ്റവും ആര്‍ഭാടം നിറഞ്ഞ നിരത്തുകള്‍.. പളപളാ മിന്നുന്ന സഞ്ചരിക്കുന്ന സുഖവാസകേന്ദ്രങ്ങള്‍ പോലുള്ള ആഡംബരക്കാറുകള്‍, കൂറ്റന്‍ ബംഗ്ലാവുകള്‍, ഒരിക്കലും ഉറങ്ങാത്ത പാരീസിലെ കലോത്സവങ്ങള്‍… എവിടെയും തിടുക്കത്തിലോടുന്ന മനുഷ്യര്‍. ഞങ്ങളുടെ വടക്കന്‍ മലബാര്ഭാഷയില് പറഞ്ഞാല്‍ കീഞ്ഞ് പാഞ്ഞോടുന്ന മനുഷ്യര്‍…
എന്നെപ്പോലെ ഒരു ഗ്രാമത്തില്‍ പിറന്ന് വളര്‍ന്ന ഒരാള്‍ക്ക് എല്ലാം വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. മറ്റൊരു അത്ഭുതമായിരുന്നു അമേരിക്ക. സര്‍ക്കാര്‍ അതിഥിയായി അവിടെ പോയപ്പോഴും നാടുചുറ്റിക്കാണാനായി. ആഡംബരങ്ങളുടെ തിളങ്ങുന്ന ലോകം.
തെയ്യം കാട്ടിയ വഴി വെട്ടം
എന്റെ കുട്ടിക്കാലത്ത് തെയ്യക്കോലമായിരുന്നു വിസ്മയം. രാത്രിയിലെ തീവെട്ടത്തില്‍ ചാടി മറിഞ്ഞ് തിളങ്ങി മറിഞ്ഞു വരുന്ന ചുവപ്പും കണ്ണില്‍ നിറയുന്ന തിളക്കങ്ങളും. ഭയഭക്തികളോടെ കൈകൂപ്പി കല്‍പ്പന കേള്‍ക്കാന്‍ നില്ക്കുന്ന ജനാവലി. അതിനൊരു നന്മയുണ്ട്, ഗ്രാമീണ വിശുദ്ധിയും. എന്നില്‍ ഒരു കലാകാരനെ വളര്‍ത്താന്‍ ആ ബാല്യകാല രാത്രികള്‍ ഏറെ സഹായിച്ചു.
കലയുടെ കാര്യത്തിലും ഉന്നതമായ വിസ്മയങ്ങള്‍ കണ്ട് ശ്വാസം നിലയ്ക്കും പോലെ നിന്നിട്ടുണ്ട്. അജന്ത എല്ലോറയാണ് ഓര്‍മയില്‍. ശില്പകലയുടെ പരകോടിയിലാണെങ്കിലും ആ ഭാവമില്ല. പരമമായ ശാന്തത, ചുറ്റും മനോഹരിയായ പ്രകൃതി. മറുഭാഗത്താണ് പാശ്ചാത്യ ലോകം. എല്ലാ അര്‍ത്ഥത്തിലും മറ്റു ഭാഗത്താണത് എന്നു പറയണം. ഇതൊരു വലിയ സത്യമാണ്.
നാം ഈ കൊറോണയുടെ കാലത്ത് അത് തിരിച്ചറിയേണ്ടതുണ്ട്. വീക്ഷണങ്ങളുടെ വ്യത്യാസം ശരിക്കും മനസിലായത് ജപ്പാന് യാത്രയിലാണ്. ഒരു കുഞ്ഞന്‍ രാജ്യമാണെങ്കിലും അന്നും അവര്‍ സാങ്കേതിക വിദ്യയില്‍ ഏറെ മുന്നിലാണ്.
പക്ഷേ, പാരമ്പര്യവും പൈതൃകവും ഇന്നും കാത്തു സൂക്ഷിക്കുന്ന ജനത. അന്നാണ് ശരിക്കും തിരിച്ചറിഞ്ഞത്, നാളെയുടെ സൂര്യന് ഉദിക്കുന്നത് പടിഞ്ഞാറല്ല, പൗരസ്ത്യ ലോകത്താണ് എന്ന്. ഇവിടെയാണ് പ്രകൃതിയെ അമ്മയായി ആരാധിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ അത് ഭാരതീയ വീക്ഷണമാണ്. ഇടക്കാലത്ത് നാം മറന്നു പോയ ഒന്ന്.
ഈ മഹാപ്രപഞ്ചത്തില്‍ ഭൂമി ഒരു ഒരു ചെറിയ ബിന്ദു മാത്രമാണ്. അതിലെ മനുഷ്യനോ, മറ്റുള്ള ജീവജാലങ്ങളെ എല്ലാം അടിമകളാക്കി ഭൂമി നമുക്ക് കിട്ടിയ സ്വത്ത് എന്ന നിലയില്‍ ധൂര്‍ത്തടിക്കുന്നു. ഈ പ്രപഞ്ചത്തില്‍ മനുഷ്യനുള്ള സ്ഥാനം എന്താണ്?
മനുഷ്യനില്ലെങ്കിലും പ്രപഞ്ചം തുടരും.. ആ പാഠം മനുഷ്യന് ഇടയ്ക്ക് എപ്പൊഴോ മറന്നു പോയിരിക്കുന്നു. ആ അറിവിലേക്ക് മടങ്ങേണ്ട സമയമാണിത്.
കലാകാരന്റെ കണ്ണീര്
ലോകമാകെ ഭയങ്കരമായ ഒരു കുഴപ്പത്തിലാണ്. അതില്‍ കലാകാരന്മാരുമുണ്ട്. അവരുടെ പ്രതിസന്ധി ശരിക്കും അറിഞ്ഞത് അടുത്തിടെ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലെ ഏകാംഗ കമ്മീഷനായ ഡോ. സി.വി. ആനന്ദബോസ് ഒരുക്കിയ വെബിനാറില്‍ പങ്കെടുത്തപ്പോഴാണ്. പ്രദര്‍ശനങ്ങള്‍ ഇല്ലാതായാല്‍ എങ്ങനെയാണ് ചിത്രകാരന്മാരും ശില്‍പ്പികളും എങ്ങനെ ജീവിക്കും? വേദി ഇല്ലാതായ നാടകക്കാര്, ഉത്സവ അരങ്ങുകള്‍ നഷ്ടമായ ക്ഷേത്ര കലാകാരന്മാര്… ഇതില്‍ ഇരുട്ടു മാത്രം. നിറങ്ങള്‍ ഇല്ല. പേടിപ്പിക്കുന്ന ജീവിത പ്രശ്നങ്ങളുമായി കലാകാരന്മാരുടെ ഒരു ലോകം.. ഇത് ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടാകാത്തതാണ്.
പക്ഷേ ഈ പ്രശ്നത്തിന് ഉത്തരം മനുഷ്യന് തന്നെ നല്‍കേണ്ടതുണ്ട്. പ്രകൃതിയെ അമ്മയായി കാണുന്ന പഴയ ചിന്തയ്ക്ക് ആണ് ഇപ്പോള്‍ ഏറ്റവും പുതുമ. ഭാരതത്തിന് അത് വളരെ പഴയ സങ്കല്‍പ്പമാണ്, പക്ഷേ ഏറ്റവും പ്രസക്തം. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ചെറിയ മന്ത്രത്തോളം വലിയ പാഠം മറ്റൊന്നില്ല. ഈ വിഷകന്യകയെ നമ്മുടെ പ്രകൃതിമാതാവിന്റെ വികൃതിയായി മനസിലാക്കുമോ നമ്മള്? പഠിക്കുന്നത് അടുത്ത മാത്രയില്‍ മറക്കുന്ന കുട്ടിയെ പോലെയാണല്ലോ മനുഷ്യന്.
കാനായി കുഞ്ഞിരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: