തൊടുപുഴ: ജനവാസ മേഖലയില്‍ മാലിന്യം തള്ളിയവര്‍ റെസിഡന്റ്സ് അസോസിയേഷന് സ്ഥാപിച്ച സിസിടിവി കാമറയില്‍ കുടുങ്ങി. മുതലക്കോടം -വടക്കുംമുറി റോഡിരികില്‍ ഇരുചക്രവാഹനത്തിലെത്തി മാലിന്യം നിക്ഷേപിച്ചവരെയാണ് സിസിടിവി കാമറയിലൂടെ കൈയോടെ പൊക്കിയത്. റെസിഡന്റ്സ് അസോസിയേഷന്റെ പരാതിയില്‍ പോലീസ് ഇവരെ വിളിച്ച് വരുത്തി മാലിന്യം നീക്കം ചെയ്യിപ്പിച്ച ശേഷം പിഴയടപ്പിച്ചു.
സെന്റ് ജോര്‍ജ് സ്റ്റേഡിയം മുതല്‍ തുടങ്ങി വടക്കുംമുറി റോഡിലും അവിടെ നിന്ന് മങ്ങാട്ടുകവലക്കുള്ള റോഡിലും മാലിന്യ നിക്ഷേപം പതിവായതോടെയാണ് സ്റ്റേഡിയം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 33 വീട്ടുകാര്‍ ചേര്‍ന്ന് ഒന്നര ലക്ഷത്തോളം രൂപ മുടക്കി കാമറ സ്ഥാപിച്ചത്.
ഇതിലാണ് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിക്കാനെത്തിയവരുടെ ചിത്രങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ സഹിതം റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് എസ്ഐ ബിജു ജേക്കബിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് മാലിന്യം തള്ളിയ ഞറുക്കുറ്റി സ്വദേശികളായ ബിനോയിയെയും സുഹൃത്തിനെയും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: