കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരളത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ്. കേരളം, തമിഴ്നാട്, കര്‍ണാടകം, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് വളരെ സജീവമാണെന്നും, ഇതുമായി ബന്ധപ്പെട്ട 17 കേസുകളിലായി 122 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നുമാണ് രാജ്യസഭയില്‍ ബിജെപി അംഗം വിനയ് സഹസ്രബുദ്ധെയുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. മഹാരാഷ്ട്ര, രാജസ്ഥാന്, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഐഎസിന്റെ ഭീകരപ്രവര്‍ത്തനം നടക്കുന്നതായും മന്ത്രി വ്യക്തമാക്കുകയുണ്ടായി. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളിലൊന്നായി മാത്രം ഇതിനെ കാണാനാവില്ല. രാഷ്ട്രസുരക്ഷയ്ക്ക് കനത്തെ വെല്ലുവിളി ഉയര്‍ത്തുകയും, നിയമവാഴ്ചയെ അട്ടിമറിച്ച് ജനങ്ങളുടെ സൈ്വരജീവിതം അപകടപ്പെടുത്തുകയും ചെയ്യുന്ന മതഭീകരവാദം രാജ്യത്തെ ഗ്രസിച്ചിരിക്കുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
കേരളത്തിലും കര്‍ണാടകയിലുമായി 180 മുതല്‍ 200 വരെ ഐഎസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതായി ഈ വര്‍ഷം ജൂലായില്‍ ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പു നല്കുകയുണ്ടായി. ഐഎസിനെക്കുറിച്ച് പഠിക്കുന്ന യുഎന്‍ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. തമിഴ്നാട്ടിലെ ചില ജിഹാദി ഭീകരരെ ബെംഗളൂരുവില്‍നിന്ന് അറസ്റ്റു ചെയ്തതിന്റെ പ്രതികാരമായി വില്‍സണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഐഎസ് ഭീകരര്‍ വധിച്ചു. ഈ കേസിനെക്കുറിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലും കേരളത്തിലും ഐഎസ് ഭീകരര്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളില്‍ 27 പേര് കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്കെടുത്ത് ഐഎസ് ഭീകരന് മുഹമ്മദ് മുഹ്സിന് മലയാളിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ അഫ്ഗാന് ജയിലില്‍ നടത്തിയ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ഇജാസും മലയാളിയാണെന്ന് വെളിപ്പെട്ടു. ആക്രമണ സംഘത്തിലെ മൂന്നുപേര്‍ ഇന്ത്യക്കാരായിരുന്നുവത്രേ. കാസര്‍ഗോഡ് പടന്ന സ്വദേശിയും ഡോക്ടറുമായ ഇജാസ് ഐഎസില്‍ ചേര്‍ന്ന് ഭാര്യയോടും മക്കളോടുമൊപ്പം അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. എറണാകുളത്തെ പ്രത്യേക കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്ന ഇയാള്‍ അഫ്ഗാനിലെ മറ്റ് പല ഭീകരാക്രമണങ്ങളിലും പങ്കാളിയാണെന്ന് ഐബി കണ്ടെത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാഖിലുമൊക്കെ ‘വിശുദ്ധ യുദ്ധം’ നടത്തുന്ന ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരും മലയാളികളുമുണ്ടെന്നുള്ള വിവരം നിരന്തരം വന്നുകൊണ്ടിരിക്കുമ്പോള്‍ അത്തരം വാര്‍ത്തകളോട് അലസസമീപനമാണ് പല മാധ്യമങ്ങളും സ്വീകരിക്കുന്നത്. മലയാളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഒരുതരം വിലക്കുതന്നെയുണ്ട്. നമ്മുടെയൊക്കെ അയല്പക്കത്തു കഴിഞ്ഞിരുന്നവര്‍ ആഗോള ഭീകരന്മാരായി മാറി കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്കുമ്പോള് അതിനെക്കുറിച്ച് ഈ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നതും, സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തതും അപലപനീയമാണ്. ഇസ്ലാമിക വോട്ടുബാങ്കിനെ ഭയക്കുന്ന രാഷ്ട്രീയ നേതൃത്വവും ഇതിന് കൂട്ടുനില്‍ക്കുന്നു. വിദ്യാസമ്പന്നരായ യുവാക്കളെപ്പോലും മനുഷ്യമൃഗങ്ങളാക്കുന്നതിനെക്കുറിച്ച് മതഭീകരവാദികളുടെ ഭാഷ്യവും ന്യായീകരണങ്ങളുമാണ് പല മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്വീകാര്യം! വിധ്വംസകമായ സ്ഥിതിവിശേഷമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ ഒരു കാര്യം എടുത്തു പറയുകയുണ്ടായി. ഐഎസ് ഭീകരര്‍ക്ക് എങ്ങനെയാണ് പണം ലഭിക്കുന്നതെന്നും, ആരാണ് ഫണ്ട് ചെയ്യുന്നതെന്നും, വിദേശങ്ങളില്‍നിന്ന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്നുമൊക്കെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി ചിലര്‍ വന്‍തോതില്‍ സ്വര്‍ണം കടത്തിയെന്ന കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ മന്ത്രിയുടെ ഈ മറുപടിക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. സ്വര്‍ണ കള്ളക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ പണം ഭീകരവാദ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നും, മന്ത്രിമാര്‍പോലും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഭരണ സിരാകേന്ദ്രങ്ങളില്‍ തന്നെ ഭീകരര്‍ക്ക് സ്വന്തം ആളുകളുണ്ടെന്നു വരുന്നത് രാജ്യരക്ഷയുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ പോന്നതാണ്. മതത്തിന്റെ മറവില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളെയും വ്യക്തികളെയും കണ്ടെത്തി അഴിക്കുള്ളിലാക്കിക്കൊണ്ടല്ലാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: