തൃക്കരിപ്പൂര്‍: ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസിലെ എം.സി.കമറുദ്ദീന് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ സംരക്ഷിക്കാന്‍ മധ്യസ്ഥരായി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കമറുദ്ദീന് നിയമസഭാംഗത്വം രാജിവക്കണമെന്നാവശ്യപ്പെട്ട് പടന്ന എടച്ചാക്കൈയിലെ കമറുദ്ദീന്റെ വസതിയിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമറുദ്ദീന് ഉള്‍പ്പെടെയുള്ള ജില്ലയിലെ ലീഗ് നേതാക്കളുടെ വീടുകളില്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ആളിന്റെ മധ്യസ്ഥതയില്‍ തട്ടിപ്പിനിരയായവരെയെത്തിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ലീഗും സിപിഎമ്മുമായി ജില്ലയിലുള്ള രഹസ്യ ബാന്ധവം ഇതോടെ മറ നീക്കി പുറത്തു വന്നിരിക്കയാണ്. 150 കോടി രൂപ തട്ടിയെടുത്ത എം.എല്‍.എ.ക്കെതിരെ നിയമ നടപടിയെടുക്കാത്തത് ഭരണകക്ഷിയായി സിപിഎമ്മിന്റെ ഒത്താശ മൂലമാണ്. തന്നെ തെരഞ്ഞെടുത്ത മഞ്ചേശ്വരത്തെ ജനങ്ങളെയൊന്നാകെ അപമാനിതരാക്കിയ കമറുദ്ദീന് ഉടന്‍ നിയമസഭാംഗത്വം രാജിവക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയ കമറുദ്ദീന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്യാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
തൃക്കരിപ്പൂര്‍ ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എടച്ചാക്കൈ എല്‍.പി.സ്കൂളിന് സമീപം ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ പരിപാടിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്കരന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, വൈസ് പ്രസിഡന്റ് എം.ബല്‍രാജ്, സെക്രട്ടറി വിജയ്കുമാര്‍ റൈ, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോയി പറക്കളായി, എസ്.ടി.മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഭരതന് എണ്ണപ്പാറ, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.കുഞ്ഞിരാമന്, ഇ.കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് സ്വാഗതവും, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ് നന്ദിയും പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്, എ.കെ.ചന്ദ്രന്, കാഞ്ഞങ്ങാട് മണ്ഡലം ജന.സെക്രട്ടറിമാരായ പ്രശാന്ത്, കെ.കെ.വേണുഗോപാല്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്മാനടുക്കം, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത്, സെക്രട്ടറി സാഗര്‍ ചാത്തമത്ത്, ശ്രീജിത്ത് പറക്കളായി ബിജെപി ജില്ലാ കമ്മറ്റിയംഗങ്ങളായ എ.വി.സുധാകരന്, ശശി ചെറുകാനം, അജയകുമാര്‍ നെല്ലിക്കാട്ട്, രവീന്ദ്രന് മാവുങ്കാല്‍, പ്രദീപന് മാവുങ്കാല്‍, എ.കെ.സുരേഷ്, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതിഷേധമിരമ്പി ബാരിക്കേഡ് തകര്‍ത്ത് എം.സി കമറുദീന്റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്
എം.സി കമറുദ്ദീന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബാരിക്കേഡ് തകര്‍ത്ത് ഇരച്ച് കയറിയ നേതാക്കളും പ്രവര്‍ത്തകരുമായി പോലീസ് ഏറെ നേരമേറ്റുമുട്ടി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ 150 കോടി രൂപ ഇടപാടുക്കാരില് പിരിച്ചെടുത്ത് വഞ്ചന നടത്തിയ കേസിലെ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദീന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ എംഎല്‍എയുടെ പടന്ന എടച്ചാക്കൈയിലെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്. കമറുദ്ദീന്റെ വീടിന് 100 മീറ്റര്‍ അകലെ എയുപി സ്കൂള്‍ എടച്ചാക്കൈ സ്കൂള്‍ പരിസരത്ത് പോലീസ് തടഞ്ഞു.
ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടു പോകാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അതിനിടെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എടച്ചാക്കൈ ബാങ്ക് പരിസരത്തുവച്ചു ‘മുസ്ലിം ലീഗ് സിന്ദാബാദ് ബിജെപി, ആര്‍എസ്എസ് ഗോബാക്ക്’ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാനെത്തിയ മുസ്ലീം ലീഗ് ഗുണ്ടകളെ പോലീസെത്തി ഇവരെ പിന്തിരിപ്പിച്ചു.
നേരത്തെ മാര്‍ച്ച് നടക്കുന്ന പ്രദേശത്തു നിലയുറപ്പിച്ച ലീഗ് പ്രവര്‍ത്തകരെ പോലീസ് നീക്കിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ്, ചന്തേര ഐപി പി.നാരായണന്, ചിമേനി ഐപി എം.അനില്‍കുമാര്‍ ,ചന്തേര പ്രിന്‍സിപ്പല്‍ എസ്ഐ മെല്ബിന് ജോസ്, അമ്പലത്തറ എസ്ഐ മെക്കിള്‍ സെബാസ്റ്റ്യന്‍, എസ് ഐമാരായ സതിശന്, ടി.വി പ്രസന്നകുമാര്‍, സുവര്ണന്, എം.വി പ്രകാശന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം രാവിലെ മുതല്‍ പ്രദേശത്തു മാര്‍ച്ച് തടയുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച മാര്‍ച്ച് തങ്കയംനടക്കാവ് ഉദിനൂര്‍ വഴിയാണ് എടച്ചാക്കൈ എത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 200 ഓളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായാണ് എം.സി കമറുദ്ദീന് വീട്ടിലേക്ക് ഒരു രാഷ്ട്രീയ സംഘടന മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: