തൃശൂര്‍: കൊടകര-ആളൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി മാര്‍ക്കറ്റ് ശനിദശ വിട്ടുമാറാതെ വീര്‍പ്പുമുട്ടുന്നു. കൊടകര ടൗണില്‍ ഉണ്ടായിരുന്ന ഇറച്ചി-മത്സ്യമാര്‍ക്കറ്റ് അവിടെനിന്നും മാറി ഇപ്പോഴത്തെ സ്ഥലത്തേക്കെത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടെങ്കിലും നിരവധി സൗകര്യങ്ങളുടെ അപര്യാപ്തത മാര്‍ക്കറ്റിനെ പുറകോട്ടു വലിക്കുകയാണ്. മത്സ്യം, മാംസം എന്നിവയുള്‍പ്പെടെ ഒമ്പതോളം സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റില്‍ ഏതാനും വര്‍ഷംമുമ്പ് നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളെ ഒഴിപ്പിക്കുകയും പുതിയ കെട്ടിടനിര്‍മാണം ആരംഭിക്കുകയുമായിരുന്നു.
മാര്‍ക്കറ്റിന്റെ തെക്കുഭാഗത്തായി കടമുറികളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പുതിയതായി നിര്‍മിച്ച മൂന്നു മുറിയുള്ള കെട്ടിടം തുറന്നു കൊടുക്കാന്‍ ഇനിയും ഇലക്ട്രിക്കല്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാകാനുണ്ട്. ഇപ്പോള്‍ മാര്‍ക്കറ്റിനകത്ത് ഇറച്ചി വ്യാപാരം നടക്കുന്നുണ്ടെങ്കിലും സ്വകാര്യവ്യക്തിയുടെ സ്വന്തം സ്ഥലത്തെ കെട്ടിടത്തിലാണിത്. മാര്‍ക്കറ്റിനകത്ത് മുമ്പ് പ്രവര്‍ത്തിച്ചിരുന്നവര്‍ ഒരാളൊഴികെയുള്ളവരെല്ലാം ഇപ്പോള്‍ മാര്‍ക്കറ്റിനു പുറത്ത് മറ്റു വ്യാപാരസ്ഥാപനങ്ങളുടെ മുന്‍വശത്ത് സ്ഥലം വാടകക്കെടുത്ത് മത്സ്യവ്യാപാരം നടത്തുകയാണ്.
മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഇറച്ചിയുടെ വില്‍പ്പന മാത്രമേ അനുവദിച്ചിട്ടുള്ളൂ. മാര്‍ക്കറ്റിലേക്കോ, സമീപത്തേക്കോ മൂക്കുപൊത്താതെ പ്രവേശിക്കാനാവില്ല എന്നതാണ് നിലവിലെ സ്ഥിതി. കൊടകര പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ ഇവിടെയാണ് നിക്ഷേപിക്കുന്നത്. രാത്രിയുടെ മറവില്‍ കൊടകരയില്‍നിന്നു മാത്രമല്ല സമീപ പഞ്ചായത്തുകളില്‍ നിന്നുപോലും ഇവിടെ ഭക്ഷ്യമാലിന്യം ഉള്‍പ്പെടെ ചാക്കിലും മറ്റും കൊണ്ടു വന്നു നിക്ഷേപിക്കുകയാണ്.
പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്ന കേന്ദ്രമായി 14ാം വാര്‍ഡ് മാറിയെന്നും പഞ്ചായത്ത് ഭരണസമിതിയില്‍ ഒട്ടനവധി തവണ ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും നടപടിയായില്ലെന്നും വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ കോടിയത്ത് പറഞ്ഞു. അത്യാധുനിക മാര്‍ക്കറ്റിലേക്കുള്ള പ്രവേശനകവാടത്തില്‍ നെയിംബോര്‍ഡും മാര്‍ക്കറ്റിലേക്കുള്ള പാത ടൈലുകള്‍ പാകിയും ആവശ്യത്തിന് വെള്ളവും വെളിച്ചവുമുള്ള കേന്ദ്രവുമായി മാറുന്നതോടെ കൊടകരയില്‍ പലയിടത്തായുള്ള മത്സ്യവില്‍പ്പനക്ക് വിരാമമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: