തൃശൂര്‍: കൊറോണ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി. അതിഥി തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ജാഗ്രത പോര്‍ട്ടലില്‍ നല്കുന്ന വിവരം തൊഴില്‍ വകുപ്പിന്റെ അതിഥി പോര്‍ട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴില്‍ വകുപ്പ് സ്വീകരിക്കും.
തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വാറന്റൈന് സൗകര്യങ്ങള്‍ പരിശോധിച്ച് പോര്‍ട്ടലില്‍ വിവരം രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നല്‍കുക. തിരിച്ചെത്തുന്ന തൊഴിലാളികള്‍ 14 ദിവസം ക്വാറന്റൈനില്‍ പോകണം.
ക്വാറന്റൈനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം കരാറുകാര്‍ ഉറപ്പാക്കണം. കൊറോണ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന തൊഴിലാളികള്‍ അഞ്ച് ദിവസത്തിനകം ആന്റിജെന്‍ ടെസ്റ്റിന് വിധേയരാകണം. ഇതിന്റെ ചെലവ് പൂര്‍ണമായും കരാറുകാര്‍ വഹിക്കണം. കരാറുകാര്‍ മുഖേനെയല്ലാതെ വരുന്ന തൊഴിലാളികള്‍ ക്വാറന്റൈനും പരിശോധനയും സ്വന്തം ചെലവില്‍ വഹിക്കണം.
വിവിധ പദ്ധതികളില്‍ സാങ്കേതിക സഹായത്തിനും കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കും വരുന്നവര്‍ക്കുളള താമസസൗകര്യം കരാറുകാരന് ഉറപ്പാക്കണം. ഇത്തരത്തിലെത്തുന്നവര്‍ 96 മണിക്കൂറിനകം ആന്റിജെന്‍/ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. ഇവര്‍ക്ക് കൊറോണ മാനദണ്ഡം പാലിച്ചുളള താമസ സൗകര്യം പദ്ധതി പ്രദേശത്തിന് സമീപം കരാറുകാരന് ഒരുക്കണം. പോസിറ്റിവ് സ്ഥിരീകരിക്കുന്ന തൊഴിലാളികളുടെ വിവരം ജില്ല ഭരണകൂടത്തിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം.
തൊഴിലാളികള്‍ക്ക് ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ടെസ്റ്റ് നടത്തുകയും വിവരം ആരോഗ്യ വകുപ്പിന്റെ ദിശ-1056 നമ്പറില്‍ അറിയിക്കുകയും വേണം. തിരികെയെത്തുന്നവര്‍ ക്വാറന്റൈന് പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: